SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.50 AM IST

ലക്ഷങ്ങളുടെ സ്റ്റേവൗച്ചർ തട്ടിപ്പ് ടൂർ കമ്പനി ഡയറക്‌ടർ ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റിൽ

ali

കൊച്ചി: വിദേശരാജ്യങ്ങളിൽ ടൂർ പാക്കേജ് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ സ്റ്റേവൗച്ചർ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നെെ പുതുപാക്കം കോസ്‌മോസിറ്റിയിൽ താമസിക്കുന്ന എറണാകുളം ഇരുമ്പനം പുതിയറോഡ് എച്ച്.ഒ.സി ടൗൺഷിപ്പിൽ മുബീനസ് അലിയാണ് (34) എളമക്കര പൊലീസിന്റെ പിടിയിലായത്. രണ്ട് കൊല്ലമായി വിദേശത്ത് ഒളിവിലായിരുന്ന പ്രതി തിങ്കളാഴ്‌ച ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് അധികൃതർ തടഞ്ഞുവച്ച് കൊച്ചി പൊലീസിന് കൈമാറിയത്.

ഇടപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഡൂന്റസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമായ ക്‌ളബ്ബ് ഡബ്ളിയു ടൂർ കമ്പനിയുടെ ഡയറക്‌ടറാണ് മുബീനസ്. വിദേശ സന്ദർശനത്തിനുള്ള സ്റ്റേവൗച്ചറിന്റെ മറവിൽ 1.50 ലക്ഷം രൂപ തട്ടിയെടുത്തതായി കിഴക്കമ്പലം ഞാരല്ലൂർ ചിരട്ടപ്പുരക്കൽ വീട്ടിൽ സി.ആർ. രജത് നൽകിയ പരാതിയിലാണ് അറസ്റ്റ്. വിദേശരാജ്യങ്ങളിൽ പര്യടനം നടത്തുന്നതിന് ഏഴ് വർഷം കാലാവധിയുള്ള സ്റ്റേവൗച്ചർ നൽകി 2023 ഡിസംബർ 3നാണ് പണം കൈപ്പറ്റിയത്.

കേസിൽ പ്രതികളായ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ അരവിന്ദ് ശങ്കറും ഡയറക്ടർ പ്രണവും ഒളിവിലാണ്. പ്രതികളു‌ടെ മുൻകൂർ ജാമ്യാപേക്ഷ കോടതികൾ തള്ളിയതിനെ തുടർന്നാണ് കൊച്ചി സിറ്റി പൊലീസ് തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതികൾക്കെതിരെ സമാന തട്ടിപ്പിന് എളമക്കരയിൽ നാല് കേസുകളും 95 പരാതികളുമുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനതട്ടിപ്പ് നടത്തിയിട്ടുണ്ട്. എസ്.ഐമാരായ സി.എൽ അനൂപ്, ഇ.കെ. അനിൽകുമാർ, അഫ്സൽ, സീനിയർ സി.പി.ഒ ഗിരീഷ്, അശോക് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

പ്രലോഭനം പ്ലാറ്റിനം പാക്കേജിന്റെ മറവിൽ

ഏഴ് കൊല്ലം കാലാവധിയുള്ള പ്ലാറ്റിനം പാക്കേജ് ക്ലബ്ബ് അംഗത്വത്തിന്റെ പേരിലാണ് വിദേശരാജ്യങ്ങളിലേക്ക് 1.50 ലക്ഷം രൂപയുടെ സ്റ്റേ വൗച്ചറുകൾ സ്ഥാപനം നൽകിയത്. ബാലി, ദുബായ്, മലേഷ്യ. തായ്‌ലൻഡ് എന്നിവിടങ്ങളിൽ ഏതെങ്കിലും രണ്ടിടത്തേക്ക് രണ്ട് പേർക്ക് നാല് രാത്രിയും അഞ്ച് പകലും സന്ദർശനം നടത്താമെന്നായിരുന്നു വാഗ്ദാനം. കൂടാതെ ഇന്ത്യയ്ക്കകത്ത് വിനോദ സഞ്ചാരത്തിനുള്ള സ്റ്റേവൗച്ചറുകളും നൽകിയിരുന്നു. വൗച്ചറുകൾ വാങ്ങിയവർക്ക് ആർക്കും വിദേശസന്ദർശനത്തിന് അവസരം കിട്ടിയില്ല. കേസായതോടെ പ്രതികൾ സ്ഥാപനം പൂട്ടി മുങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY