
അറസ്റ്റിലായ പ്രതികൾ റിമാൻറിൽ
വിഴിഞ്ഞം: ആന്ധ്ര സ്വദേശിയായ 16കാരിയെ പീഡിപ്പിച്ച സംഭവത്തിൽ സ്പായിലെത്തിയവരുടെ വിവരങ്ങൾ സംഘം ശേഖരിക്കും. ചെന്നൈയിലെ ഗുഡുവഞ്ചേരിയിലെ സ്പായിൽ പെൺകുട്ടിയെ ചൂഷണം ചെയ്‌തെന്ന മൊഴിയെ തുടർന്ന് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കും. അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘം ഇതിനുള്ള നടപടി തുടങ്ങി.
അറസ്റ്റിലായ സ്പാ ഉടമകളിൽ ഒരാളായ നിഷാന്തുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്ന ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്പെക്ടറുടെ പങ്കും സംഘം അന്വേഷിക്കും. പെൺകുട്ടി പീഡനത്തിനിരയായ സ്പാകളിലൊന്ന് ഒരു പഞ്ചായത്തംഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന അഭ്യൂഹത്തെ തുടർന്ന് ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. പെൺകുട്ടിയെ സ്പായിലെത്തിച്ച ഇളയമ്മയെയും ഒപ്പം താമസിക്കുന്ന യുവാവിനെയും ആന്ധ്രയിലെ പാലസമുദ്രം ഗൊരൻല്ല വീട്ടിൽ നിന്ന് ആന്ധ്ര പൊലീസിന്റെ സഹായത്തോടെ പിടികൂടി ഇന്നലെ കോവളത്ത് എത്തിച്ചു. ഇരുവരെയും റിമാൻഡ് ചെയ്തു.
തൊഴിച്ചലിലും ചപ്പാത്തിലും ആയുർ കേരള സ്പാകൾ നടത്തുന്ന സജിത്ത് കുമാർ (47),ആവാടുതുറയിലെ ഡ്രീംസ് സ്പാ ഉടമ നിഷാന്ത് (46) എന്നിവർ ഞായറാഴ്ച അറസ്റ്റിലായിരുന്നു. ഇവരും റിമാൻഡിലാണ്. സെപ്തംബർ 21 ന് പെൺകുട്ടിയെ കാണാതായതായി ഇളയമ്മ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയുടെ മൊബൈലിൽ നിന്ന് പൊലീസ് രണ്ട് ആധാർ കാർഡുകൾ കണ്ടെത്തി. ഇതിൽ ഒന്നിൽ പ്രായം 20ഉം മറ്റൊന്നിൽ 16ഉം ആണെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതോടെ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂര പീഡനം പുറത്തറിഞ്ഞത്.
സെപ്തംബർ 23ന് പൂജപ്പുരയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഒരു പരിഭാഷകന്റെ സഹായത്തോടെ നടന്ന കൗൺസിലിംഗിലാണ് കോവളത്തെയും ചെന്നൈയിലെയും സ്പാകളിലെ പീഡന വിവരം പെൺകുട്ടി തുറന്നു പറഞ്ഞത്. കോവളം പൊലീസ് കേസ് രജിസ്‌റ്റർ ചെയ്ത് കൂടുതൽ അന്വേഷണത്തിനായി ഗുഡുവഞ്ചേരി പൊലീസിന് കൈമാറി.
എതിർപ്പിനൊടുവിൽ അറസ്റ്റ്
പ്രധാന പ്രതികളെ പിടികൂടാൻ ആന്ധ്രയിലെത്തിയ പൊലീസിനെ കണ്ട് പ്രതികൾ എതിർപ്പുയർത്തി. മണികൂറുകളോളം നീണ്ട തർക്കത്തിനുശേഷം ആന്ധ്ര പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോവളം പൊലീസിന്റെ ജീപ്പിലാണ് ആന്ധ്ര വരെയെത്തി പ്രതികളെ പിടികൂടിയത്. എസ്.ഐ.ഷിജു, സി.പി.ഒമാരായ ശ്രീനാഥ്,ഷിജു,വനിതാ സി.പി.ഒ താര എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ബംഗ്ലാദേശിലേക്ക് ഫോൺ കാൾ
കോവളത്തെ സ്പായിൽ നിന്ന് ബംഗ്ലാദേശിലേക്ക് ഫോൺ വിളി നടത്തിയെന്ന സംശയത്തിന്റെ പേരിൽ മറ്റൊരു സ്പായിലെ ബംഗാൾ സ്വദേശിയായ ജീവനക്കാരിയെ ഐ.ബി ഉൾപ്പെടെ ചോദ്യം ചെയ്തു. അതിർത്തി പ്രദേശമായതിനാലാണ് വിളിച്ചതെന്ന കണ്ടെത്തലിനെ തുടർന്ന് യുവതിയെ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |