
കൊച്ചി: വെർച്വൽ അറസ്റ്റിലൂടെ രാജസ്ഥാനിലെ മുൻ ജഡ്ജിയിൽ നിന്ന് 2.50 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ മലയാളിയെ കൊച്ചി സിറ്റി പൊലീസിന്റെ സഹായത്തോടെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. വരാപ്പുഴ മണ്ണംതുരുത്ത് ചിറ്റേത് വീട്ടിൽ ആനന്ദ ബാബുവിനെയാണ് ബിനാനിപുരത്തെ വാടകവീട്ടിൽ നിന്ന് ഇന്നലെ ഉച്ചയ്‌ക്ക് പിടികൂടിയത്. വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുത്ത 2.50 കോടിയിൽ 5 ലക്ഷം രൂപ ഇയാളുടെ അക്കൗണ്ടിലാണ് എത്തിയത്.
ജയ്‌പൂർ സൗത്ത് ജ്യോതിനഗർ സത്യവിഹാർ കോളനിയിൽ താമസിക്കുന്ന റിട്ട. ജഡ്ജി ഗണപത് സിംഗ് ഭണ്ഡാരിയാണ് (90) തട്ടിപ്പിന് ഇരയായത്. സി.ബി.ഐ ഓഫീസർ എന്ന വ്യാജേന വാട്സാപ്പിൽ വിഡിയോ കോൾ ചെയ്താണ് വെർച്വൽ അറസ്റ്റിന് വിധേയനാക്കിയത്. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട 50 കോടിയുടെ ഹവാല ഇടപാടിൽ 40 ലക്ഷം രൂപ ഭണ്ഡാരിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും വിളിച്ച ആൾ പറഞ്ഞു. അടുത്തദിവസം ആർ.ബി.ഐ മാനേജർ എന്ന വ്യാജേന മറ്റൊരാൾ ഭണ്ഡാരിയെ വിളിച്ച് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ആവശ്യപ്പെട്ടു. ഇത് കൈമാറിയപ്പോഴാണ് അക്കൗണ്ടിലെ പണം അയച്ചു കൊടുക്കാൻ നിർദ്ദേശിച്ചത്. തുടർന്ന് ആഗസ്റ്റ് 6 മുതൽ 10 വരെ തീയതികളിൽ 9 തവണകളായി 2.50 കോടി കൈമാറി. ഒടുവിൽ പി.പി.എഫ് അക്കൗണ്ടിലെ തുക പിൻവലിക്കാൻ എത്തിയ ഭണ്ഡാരിയോട് ബാങ്ക് മാനേജർ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് തട്ടിപ്പ് പുറത്തായതും ജ്യോതിനഗർ പൊലീസ് കേസെടുത്തതും.
തന്റെ അക്കൗണ്ടിലെത്തിയ 5 ലക്ഷം രൂപ ചെക്ക് ഉപയോഗിച്ചാണ് ആനന്ദബാബു പിൻവലിച്ചതും തട്ടിപ്പ് സംഘത്തിന് കൈമാറിയതും. ഈ വകയിൽ കമ്മീഷൻ ലഭിച്ചു. സ്വന്തം അക്കൗണ്ട് മ്യൂൾ അക്കൗണ്ടായി ഉപയോഗിക്കാൻ മുമ്പും സൈബർ തട്ടിപ്പുകാർക്ക് കൈമാറിയതായി സൂചനയുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി രാജസ്ഥാനിലേക്ക് കൊണ്ടുപോയി.
കേസിൽ കൂടുതൽ മലയാളികളുണ്ടെന്നും മറ്റൊരു പ്രതി മലപ്പുറം സ്വദേശിയാണെന്നും രാജസ്ഥാൻ പൊലീസ് പറഞ്ഞു. എറണാകുളം സെൻട്രൽ എ.സി.പി സിബി ടോമിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |