SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.00 AM IST

തൊണ്ടിമുതലിൽ കൃത്രിമം; ആന്റണി രാജുവിനെതിരായ കേസിൽ തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി

antony-raju

കൊച്ചി: മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മന്ത്രിയുടെ ഹർജി ഫയലിൽ സ്വീകരിച്ചു. ഒരു മാസത്തേക്കാണ് തുടർനടപടികൾ സ്റ്റേ ചെയ്തിരിക്കുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെ എടുത്ത കേസ് റദ്ദാക്കണമെന്നായിരുന്നു ആന്റണി രാജു ഹർജിയിൽ ആവശ്യപ്പെട്ടത്. പ്രഥമദൃഷ്ട്യാ കേസ് ഹർജിക്കാരന് അനുകൂലമാണെന്ന് വിലയിരുത്തിയ കോടതി രണ്ടാം എതിർകക്ഷിയായ വിചാരണക്കോടതിയിലെ മുൻ ശിരസ്‌തദാറിന് നോട്ടീസ് അയക്കണമെന്നും ഉത്തരവിട്ടു. ശിരസ്‌തദാറിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരുന്നു കേസിൽ വിചാരണ നടന്നിരുന്നത്.

അടിവസ്ത്രത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ചു കടത്തിയ ഓസ്ട്രേലിയൻ പൗരനായ സാൽവദോറിനെ 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം എയർപോർട്ടിൽ പിടികൂടിയതാണ് കേസിനടിസ്ഥാനം. മയക്കുമരുന്നുക്കേസിൽ ഇയാളെ വഞ്ചിയൂർ സെഷൻസ് കോടതി പത്തുവർഷം തടവിന് ശിക്ഷിച്ചു. അപ്പീലിൽ ഹൈക്കോടതി പ്രതിയെ വെറുതേവിട്ടു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്ന വാദം ശരിവച്ചായിരുന്നു വെറുതെവിട്ടത്.

പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതിയിലെ തൊണ്ടി ക്ളാർക്കിനെ സ്വാധീനിച്ച് അടിവസ്ത്രത്തിൽ മാറ്റം വരുത്തി പ്രതിയെ രക്ഷിച്ചതാണെന്ന് പിന്നീട് കണ്ടെത്തി. തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന ആരോപണത്തെ തുടർന്ന് ഹൈക്കോടതിയുടെ ഭരണവിഭാഗത്തിന്റെ നിർദ്ദേശപ്രകാരം കോടതിയുടെ ശിരസ്‌തദാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസ് കേസെടുത്തു.

എന്നാൽ കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന് പരാതിയുണ്ടെങ്കിൽ മജിസ്ട്രേട്ട് കോടതിക്ക് പരാതി നൽകണമെന്നും പൊലീസിന് കേസെടുക്കാൻ അധികാരമില്ലെന്നുമാണ് ഹർജിയിൽ ആന്റണി രാജു വാദിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, ANTONYRAJU, ROBBERY, CASE, EVIDENCE, STAY, HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY