
പുന്നംപറമ്പ്: സമൂഹമാദ്ധ്യമത്തിൽ കണ്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ.) യോനോ ആപ്പിന്റെ പരസ്യത്തിലെ ഫോൺ നമ്പറിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ച 59കാരന് ഇസാഫ് ബാങ്ക് അക്കൗണ്ടിൽനിന്ന് 79,000 രൂപ നഷ്ടപ്പെട്ടു. തെക്കുംകര പഞ്ചായത്തിലെ മണലിത്തറ സ്വദേശി, വൈദ്യുതി വകുപ്പ് റിട്ട. ഓവർസിയർ മാരാത്തേതിൽ അബ്ദുൾ നാസറാണ് തട്ടിപ്പിനിരയായത്. പരസ്യത്തിൽ നൽകിയ നമ്പറിൽ വിളിച്ചപ്പോൾ ഹിന്ദിയിൽ സംസാരിച്ചയാളാണ് ഫോൺ എടുത്തത്. യോനോ ആപ്പിനെക്കുറിച്ച് വിശദീകരിച്ച ഇയാൾ ബാങ്ക് അക്കൗണ്ടിന്റെയും ഗൂഗിൾ പേയുടെയും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ആപ്പ് ഉടൻ ശരിയാകുമെന്നും ഇയാൾ നാസറിന് ഉറപ്പ് നൽകി. തുടർന്ന് ഇസാഫ് ബാങ്കിന്റെ വിരുപ്പാക്ക ശാഖയിൽ ഇടപാട് നടത്താൻ ശ്രമിച്ചപ്പോഴാണ് അക്കൗണ്ടിലുണ്ടായിരുന്ന 80,000 രൂപയിൽ 79,000 രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. ഫോൺ ഹാക്ക് ചെയ്താണ് പണം തട്ടിയതെന്നാണ് സംശയം. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ജാർഖണ്ഡ് സ്വദേശികളാണ് തട്ടിപ്പിന് പിന്നിലെന്നാണ് കണ്ടെത്തിയത്. സൈബർ സെല്ലിലും ഇസാഫ് ബാങ്കിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാസർ പറയുന്നു. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽനിന്ന് വിളിച്ചിരുന്നതായും നാസർ പറഞ്ഞു. തട്ടിപ്പിനെ തുടർന്ന് നാസർ ഫോൺ നമ്പർ മാറ്റുകയും അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കുകയും ഗൂഗിൾ പേ സേവനം ഒഴിവാക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |