SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.40 AM IST

കോൺഗ്രസ് ആദ്യ പട്ടികയിൽ കടുത്ത രോഷം: കെ. സുധാകരനെയും അടൂരിനെയും വെട്ടി

mm

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ സാദ്ധ്യതയുള്ള സീറ്റുകളിൽ കോൺഗ്രസ് പിന്നാക്ക വിഭാഗക്കാർക്ക് അർഹമായ പരിഗണന നൽകണമെന്ന ആവശ്യം ശക്തമായിരിക്കെ, ഈഴവ സമുദായത്തിലെ തലയെടുപ്പുള്ള നേതാക്കളായ കെ.സുധാകരനെയും അടൂർ പ്രകാശിനെയും പാർട്ടി തഴഞ്ഞു. എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന്റെ ഭാഗമായാണിത്. നടപടി പിന്നാക്ക സമുദായങ്ങളെ വെട്ടിനിരത്തലിന്റെ ആദ്യ ഘട്ടമായി വ്യാഖ്യാനിക്കപ്പെടുന്നു. ഇത് സമുദായത്തിൽ ശക്തമായ അമർഷത്തിനിടയാക്കി.

കണ്ണൂരിൽ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച കെ. സുധാകരൻ വിട്ടുവീഴ്ചയ്ക്ക് വഴങ്ങിയിട്ടില്ല. കോന്നിയിൽ വീണ്ടും മത്സരിക്കാനാണ് അടൂർ പ്രകാശ് താത്പര്യം

പ്രകടിപ്പിച്ചത്. ഇരുവരും ഈ സീറ്റുകളിൽ വലിയ ജനസ്വാധീനം തെളിയിച്ച് നിയമസഭയിൽ എത്തിയിട്ടുള്ളവരാണ്. ഇവരെ മെരുക്കാൻ നേതൃത്വം നടത്തിയ ശ്രമം വിഫലമായ സാഹചര്യത്തിൽ ഈ സീറ്റുകൾ ഒഴിച്ചിട്ടാണ് ഇന്നലെ 55 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയത്. ഇരുവർക്കും താത്പര്യമുള്ളവരെ സ്ഥാനാർത്ഥികളാക്കി പ്രശ്നം തീർക്കാനാണ് നീക്കം. ഇന്ന് പ്രഖ്യാപിക്കുന്ന പട്ടികയിൽ ഈ സീറ്റുകളും ഉൾപ്പെട്ടേക്കും.

ഹൈക്കമാൻഡ് നിർദ്ദേശ പ്രകാരം കെ.സുധാകരൻ ഇന്നലെ രാവിലെ ഡൽഹിയിലെത്തിയിരുന്നു. അനുനയ ദൗത്യവുമായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഫ്ളാറ്റിലെത്തി ചർച്ച നടത്തിയെങ്കിലും സുധാകരൻ നിലപാടിലുറച്ചു നിന്നു. സുധാകരന്റെ ആളുകളെ നിയമസഭാ സ്ഥാനാർത്ഥികളാക്കാമെന്നും ഭരണം ലഭിച്ചാൽ അദ്ദേഹം പറയുന്ന ആളുകൾക്ക് മന്ത്രിസ്ഥാനവും കോർപ്പറേഷൻ, ബോർഡ് പദവികളും നൽകാമെന്നും ഉറപ്പ് നൽകിയതായി അറിയുന്നു. രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തുമെന്ന സൂചനകൾ വന്നെങ്കിലും സുധാകരൻ പകൽ ഫ്ളാറ്റിന് പുറത്തിറങ്ങിയില്ല. രാഹുൽഗാന്ധി കാണാൻ സമയം നൽകിയില്ലെന്നും സൂചനയുണ്ട്.

സുധാകരൻ ഇന്ന്

മാദ്ധ്യമങ്ങളെ കാണും

താൻ നിലയും വിലയുമില്ലാത്തയാളെന്നും ആരും ചർച്ചയ്‌ക്ക് വിളിച്ചിട്ടില്ലെന്നും കെ.സുധാകരൻ പ്രതികരിച്ചു. മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കോഴിക്കോട് എം.പി എം.കെ. രാഘവൻ അദ്ദേഹത്തെ കാണാൻ ഫ്ളാറ്റിലെത്തി. രാഘവൻ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച കോഴിക്കോട് നോർത്തും എലത്തൂരും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അടൂർ പ്രകാശ് കോന്നിയിൽ മത്സരിക്കാനായി ഡൽഹി കേരള ഹൗസിൽ നിന്ന് ബാദ്ധ്യതാരഹിത സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. അതിനിടെ, ഡൽഹിയിൽ ഇന്ന് മാദ്ധ്യമപ്രവർത്തകരെ കാണുമെന്ന് കെ.സുധാകരൻ പറഞ്ഞിട്ടുണ്ട്. ഇത് പാർട്ടി നേതൃത്വത്തിൽ ആശങ്ക സൃഷ്ടിച്ചു.

പിന്നാക്കക്കാരെ തഴഞ്ഞാൽ

തിരിച്ചടി ആവർത്തിക്കും

ഈ നിയമസഭാ തിരഞ്ഞെടുപ്പിലും പിന്നാക്ക സമുദായങ്ങളെ തഴയുന്ന നയം കോൺഗ്രസ്

തുടർന്നാൽ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേരിട്ട തിരിച്ചടി

ആവർത്തിക്കപ്പെടുമെന്നാണ് പാർട്ടി നടത്തിയ സർവേകളിലെല്ലാം വ്യക്തമായത്.

മതനേതാക്കളുടെ സമ്മർദ്ദങ്ങൾക്ക് കീഴടങ്ങുന്ന പാർട്ടി നേതൃത്വം, പിന്നാക്കക്കാരുടെ

കാര്യത്തിൽ ഈ ജാഗ്രത കാട്ടുന്നില്ല. 14 സീറ്റുള്ള തിരുവനന്തപുരം ജില്ലയിലെ മൂന്ന് സീറ്റിൽ

മാത്രം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് ഈ കീഴടങ്ങലിന് തെളിവായി ചൂണ്ടിക്കാട്ടുന്നു.

.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA