
തിരുവനന്തപുരം: വാഹന വിവരങ്ങൾ കേന്ദ്രീകൃതമായി സൂക്ഷിക്കേണ്ട വാഹൻ സൈറ്റിൽ കേരളത്തിലെ ഒരുകോടിയിലേറെ വാഹനങ്ങളുടെ വിവരങ്ങൾ അപൂർണമാകാൻ കാരണം
ഉദ്യോഗസ്ഥ, ഭരണതലത്തിലെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിലുണ്ടായ വീഴ്ചയെന്ന് സൂചന. വാഹന വിവരങ്ങൾ കൃത്യമാക്കുന്നതിന് 'എം.വി.ഡി സേവാകേന്ദ്രങ്ങൾ' ആരംഭിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണറായിരുന്ന സി.എച്ച്.നാഗരാജു തീരുമാനിച്ചുവെങ്കിലും അട്ടിമറിക്കപ്പെട്ടു. ഇടനിലക്കാരുടെ ഇടപെടൽ ഒഴിവാക്കാൻ ഭൂരിഭാഗം സേവനങ്ങളും ഓൺലൈനാക്കാനുള്ള തീരുമാനവും നടപ്പായില്ല. അതിനുമുമ്പ് നാഗരാജുവിനെ തത്‌സ്ഥാനത്തു നിന്ന് മാറ്റി.
അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലാണ് സേവാകേന്ദ്രങ്ങൾ തുടങ്ങാനിരുന്നത്. വാഹനവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു കാര്യത്തിന് ഉടമ സേവാകേന്ദ്രത്തെ സമീപിക്കുമ്പോൾ അപൂർണമായ വാഹന വിവരങ്ങളും അപ്ഡേറ്റ് ചെയ്യാമായിരുന്നു. ഇതിലൂടെ വാഹന ഉടമയ്ക്ക് എം.വി.ഡി ഓഫീസ് കയറിയിറങ്ങുന്നതും ഒഴിവാക്കാമായിരുന്നു. കേന്ദ്രസർക്കാർ ഓട്ടോഅപ്രൂവൽ സംവിധാനം നടപ്പിലാക്കിയപ്പോഴാണ് ഒരു കോടിയോളം വാഹനങ്ങളുടെ വിവരങ്ങൾ ഇല്ലെന്നോ അപൂർണമാണെന്നോ തിരിച്ചറിഞ്ഞത്. തുടർന്ന് വാഹന ഉടമകളിൽ നിന്ന് രേഖകൾ ശേഖരിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ സ്പർജൻകുമാർ നിർദ്ദേശം നൽകി. ഇതിനായി ഇനി ഉടമകൾ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരും. കാര്യം നടക്കാൻ ഇടനിലക്കാരെ ആശ്രയിക്കേണ്ട അവസ്ഥയുമുണ്ടാകും.
പ്രഖ്യാപനം വന്നു,
നടന്നില്ല
ഡ്രൈവിംഗ് ലൈസൻസ് അടക്കം വാഹനങ്ങളുമായി ബന്ധപ്പെട്ട 60 സേവനങ്ങൾ ഓൺലൈനാക്കാൻ ആഗസ്റ്റിലാണ് മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. സെപ്തംബർ 21 മുതൽ നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു. ചില ഉദ്യോഗസ്ഥർക്കെതിരെ ആഴിമതിയാരോപണം ഉയർന്ന സാഹചര്യത്തിൽ കൂടിയായിരുന്നു ഇത്. എന്നാൽ, തൊട്ടടുത്ത ദിവസം
നാഗരാജുവിനെ ട്രാൻസ്പോർട്ട് കമ്മിഷണർ സ്ഥാനത്തു നിന്ന് മാറ്റിയതോടെ തീരുമാനം അട്ടിമറിക്കപ്പെടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |