SignIn
Kerala Kaumudi Online
Wednesday, 04 November 2026 3.19 AM IST

റോഡ് സുരക്ഷ: പരിഹാരം വേണമെന്ന് ഹൈക്കോടതി

d

കൊച്ചി: റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കാൻ വിവിധ വകുപ്പുകൾ സമയം തേടിയതിൽ അതൃപ്തിയറിയിച്ച് ഹൈക്കോടതി. സത്യവാങ്മൂലങ്ങളല്ല, പരിഹാര നടപടികളാണ് വേണ്ടതെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബൈഞ്ച് പറഞ്ഞു.

റോഡിൽ ആരും മരിക്കരുതെന്നാണ് ആഗ്രഹമെന്ന് കോടതി പറഞ്ഞു. കൊച്ചിയിലടക്കം സ്വകാര്യ ബസുകൾ മറ്റു യാത്രികർക്ക് ഭീതി സൃഷ്ടിക്കുന്ന കാര്യം ഓൺലൈനായി ഹാജരായ ഗതാഗത കമ്മിഷണറുടെ ശ്രദ്ധയിൽപ്പെടുത്തി. ജഡ്ജിമാരുടെ വാഹനങ്ങൾ പോലും കഷ്ടിച്ചാണ് രക്ഷപ്പെടുന്നതെന്നും ഡിവിഷൻബെഞ്ച് വാക്കാൽ പറഞ്ഞു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വമേധയാ എടുത്ത കേസാണ് പരിഗണനയിലുള്ളത്.

റോഡ് സുരക്ഷാ വിവരങ്ങൾ ഏകോപിപ്പിക്കാൻ ഡിജിറ്റൽ മാപ്പിംഗ് പ്ലാറ്റ്‌ഫോം സജ്ജമാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിനായി വിവിധ വകുപ്പുകളിൽ നിന്ന് ഡാറ്റാ ശേഖരിക്കാൻ പൊതുമരാമത്ത് വകുപ്പ് സമയം തേടുകയായിരുന്നു. റോഡിലെയും മീഡിയനിലെയും മാർക്കിംഗ് നടപടികളുടെ കാര്യമാണ് ഗതാഗത കമ്മിഷണർ വിശദീകരിച്ചത്. പൊതുഗതാഗത സുരക്ഷയ്‌ക്കും സ്വകാര്യ ബസുകളുടെ മേൽനോട്ടത്തിനുമായി 'കേരള ബസ്" എന്ന പ്ലാറ്റ്ഫോം സജ്ജമാക്കുന്നുണ്ടെന്നും അറിയിച്ചു.

കോടതി നിർദ്ദേശിച്ച കാര്യങ്ങൾ അധികൃതർ ഇനിയും പരിഗണിച്ചിട്ടില്ലെന്ന് ഡിവിഷൻബെഞ്ച് പറഞ്ഞു. ബ്ലാക് സ്പോട്ടുകൾ രേഖപ്പെടുത്താനും ജനങ്ങൾക്ക് പരാതി നൽകാനുമെല്ലാം സാധിക്കുന്ന സമഗ്ര ഡിജിറ്റൽ പ്ലാറ്റ്ഫോം സജ്ജമായാൽ ഭൂരിഭാഗം പ്രശ്നങ്ങൾക്കും പരിഹാരമാകും. ഇതിനായി മുൻകൈയെടുക്കണമെന്ന് സർക്കാരിനായി ഹാജരായ അഡി. അഡ്വക്കേറ്റ് ജനറൽ മുഹമ്മദ് ഷായോട് കോടതി നിർദ്ദേശിച്ചു. വിഷയം മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA