
തിരുവനന്തപുരം: എറണാകുളം, കോട്ടയം ജില്ലകളിലായി മൂന്ന് ബാർ ലൈസൻസുകൾ അനുവദിച്ച സംഭവത്തിൽ കടുത്ത നിലപാടുമായി മന്ത്രി എം.ലിജു. വിഷയത്തിൽ എക്സൈസ് കമ്മിഷണറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പ്രാഥമിക റിപ്പോർട്ട് സർക്കാരിന് നൽകി. ഡൽഹിയിലുള്ള എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവു ഇന്ന് സ്ഥലത്തെത്തിയ ശേഷം വിശദമായ റിപ്പോർട്ട് നൽകും.
ബേക്കറികൾ വഴി ഹോർട്ടി വൈൻ വില്പന നടത്താൻ അനുമതി നൽകിയത് വിവാദമായതിനു പിന്നാലെ, ബിയർ വൈൻ പാർലറുകളുടെ ലൈസൻസ് ബാർ ലൈസൻസാക്കി തരം മാറ്റിയതും എക്സൈസ് വകുപ്പിന് പേരുദോഷമുണ്ടാക്കി. തന്റെ വകുപ്പുനുമേൽ ലേശം പോലും ചെളിതെറിക്കരുതെന്ന ജാഗ്രതയോടെ പ്രവർത്തിച്ചിട്ടും പേരുദോഷമുണ്ടായതിൽ മന്ത്രിക്ക് കടുത്ത നീരസമുണ്ട്.
ലൈസൻസ് നൽകിയ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാരുടെ നടപടി ന്യായീകരിച്ച എക്സൈസ് കമ്മിഷണറെക്കുറിച്ചുള്ള അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ട് ലിജു ധരിപ്പിക്കും.
രഹസ്യമായി ബാർ ലൈസൻസ് അനുവദിച്ചതിന്റെ പേരിൽ സസ്പെൻഷനിലായ ഡെപ്യൂട്ടി കമ്മിഷണർമാരായ സതീഷ് പി.കെ, ഷിബു പി.എൽ എന്നിവർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും സസ്പെൻഷന് സ്റ്രേ അനുവദിച്ചില്ല.
നവംബർ 30 നുള്ളിൽ പുതിയ മദ്യനയം
നവംബർ 30 നുള്ളിൽ പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. അതിനുശേഷം മാത്രം ബാർ ലൈസൻസുകൾ നൽകിയാൽ മതിയെന്ന തീരുമാനം ഉത്തരാവായി ഇറക്കും. ചുമതല ഏറ്റെടുത്ത ആദ്യ ദിവസങ്ങളിൽ എക്‌സൈസ് കമ്മിഷണർക്ക് വേണ്ടത്ര ധാരണ ഉണ്ടാവാതിരുന്നതാണ് ഇത്തരം വീഴ്ചകൾക്ക് കാരണം. കമ്മിഷണറെ മാറ്റുന്നത് ഭരണപരമായ കാര്യമാണെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുൻചട്ടം മാറ്റും
എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസ് അനുവദിക്കാൻ ഉണ്ടാക്കിയ ചട്ടങ്ങൾ വിശദമായി പരിശോധിക്കും. ബിയർ വൈൻ ലൈസൻസുകൾ ബാർ ലൈസൻസായി തരംമാറ്റാൻ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാർക്കുള്ള അധികാരം എടുത്തുകളയാനാണ് നീക്കം.ബാർ ലൈസൻസുകൾ നൽകുന്നത് എക്സൈസ് മന്ത്രി കൂടി അറിയും വിധം ചട്ടങ്ങൾ ഉണ്ടാക്കുമെന്ന് ഇന്നലെ എം.ലിജു മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇടതുസർക്കാരിനോടും മുൻ എക്സൈസ് മന്ത്രി എം. ബി. രാജേഷിനോടും തനിക്കുള്ള അതൃപ്തിയും മന്ത്രി പ്രകടിപ്പിച്ചു .സർക്കാർ അറിയാതെ പല കാര്യങ്ങളിലും താഴേത്തട്ടിൽ തീരുമാനമെടുക്കാൻ സഹായിക്കും വിധമുള്ളതാണ് നിലവിലെ ചട്ടം. അത് മുൻസർക്കാർ ഉണ്ടാക്കിയതാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |