SignIn
Kerala Kaumudi Online
Wednesday, 04 November 2026 3.24 AM IST

കേരളത്തിലെ സാഹചര്യം മുതലെടുത്ത് തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും കർണാടകത്തിലെയും ലോബികൾ, വില ഉയരുന്നു

money
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴി കർഷകരെ വലച്ച് കോഴിത്തീറ്റ വില കുതിച്ചു കയറുന്നു. മുട്ടക്കോഴികൾക്കുള്ള തീറ്റ വില ഉയർന്ന് 1800 രൂപ വരെയെത്തി. ഒരു വർഷം മുമ്പ് 50 കിലോ കോഴിത്തീറ്റയ്ക്ക് 1200 രൂപയായിരുന്നു. ഓരോ മാസവും വില കൂടുന്നത് കോഴി കർഷകർക്ക് ഇരുട്ടടിയായിട്ടുണ്ട്. കമ്പനികൾ തോന്നുംപടി വില ഉയർത്തുന്ന സ്ഥിതിയാണെന്നാണ് കർഷകരുടെ ആരോപണം . മുൻകാലങ്ങളിൽ കൂടിയ വില കുറയാറുണ്ടെങ്കിലും കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരിക്കൽപ്പോലും വില കുറഞ്ഞിട്ടില്ലെന്നാണ് കർഷകരുടെ പരാതി. ചില്ലറ വിപണിയിലെത്തുമ്പോൾ വില പിന്നെയും ഉയരും. ചോളം, ഗോതമ്പ് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനയാണ് തീറ്റവില കൂടാൻ കാരണമായി കമ്പനികൾ പറയുന്നത്. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കോഴിത്തീറ്റ കേരളത്തിലെത്തുന്നത്. സംസ്ഥാനത്ത് മൃഗ സംരക്ഷണ വകുപ്പിന്റെ കീഴിൽ വലിയ കോഴിത്തീറ്റ ഉത്പാദന കേന്ദ്രങ്ങൾ നിലവിലില്ല. ഈ സാഹചര്യം ഇതര സംസ്ഥാന ലോബികൾ മുതലെടുക്കുകയാണെന്നും ആരോപണമുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വലിയ തോതിലാണ് മുട്ടയും മാംസവും കേരളത്തിൽ എത്തുന്നത്. ഇതിനെ മറികടക്കാൻ ഇവിടെയുള്ള കോഴി കർഷകർക്ക് കഴിയാത്ത സ്ഥിതിയാണുള്ളത്. തീറ്റവില നിയന്ത്രിക്കുന്നതിനും പ്രാദേശിക കോഴി വളർത്തൽ മേഖലയെ സംരക്ഷിക്കുന്നതിനും മൃഗസംരക്ഷണ വകുപ്പ് ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

കുഞ്ഞുങ്ങളുടെ
വിലയിലും ഫലമില്ല

സർക്കാർ പദ്ധതികളും കർഷകർക്ക് ആശ്വാസമാകുന്നില്ല. ഗ്രാമസഭകൾ വഴി വിതരണം ചെയ്യുന്നതിന് രണ്ട് മാസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ വാങ്ങുമ്പോൾ കർഷകർക്ക് നൽകിയിരുന്ന 130 രൂപ ഈ വർഷം 140 രൂപയായി ഉയർത്തിയിരുന്നു. എന്നാൽ വർദ്ധിപ്പിച്ച തുക കർഷകർക്ക് ലഭിച്ചിട്ടില്ല. ഇപ്പോഴും 130 രൂപ മാത്രമാണ് ലഭിക്കുന്നത്. അതേസമയം, സർക്കാർ ഫാമുകളിൽ നിന്ന് വിതരണം ചെയ്യുന്ന ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളുടെ വില 25 രൂപയിൽ നിന്ന് 30 രൂപയായി ഉയർത്തുകയും ചെയ്തു.

'ക്ഷീരകർഷകരെ സഹായിക്കാൻ സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും കോഴി കർഷകർക്ക് യാതൊരു സഹായവും ലഭിക്കുന്നില്ല. തീറ്റ ഉത്പാദന കേന്ദ്രങ്ങൾ തുടങ്ങുകയോ സ്വകാര്യ കേന്ദ്രങ്ങളിൽ ഉത്പാദിപ്പിക്കുന്ന തീറ്റയ്ക്ക് ഏകീകൃത വില ഉറപ്പാക്കുകയോ ചെയ്താലെ പിടിച്ചു നിൽക്കാനാവൂ'
സുരേന്ദ്രൻ പുതുക്കുടി
കർഷകൻ, കോഴിക്കോട്ോ

English Summary

Poultry farmers are facing rising costs as layer feed prices have surged to ₹1,800 per 50 kg bag, up from ₹1,200 a year ago.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHICKEN FEED, PRICE HIKE, PROBLEMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA