SignIn
Kerala Kaumudi Online
Friday, 06 November 2026 1.32 AM IST

കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ ബ്ലോക്ക് നിർമ്മാണം വിജിലൻസ് അന്വേഷണത്തിലേക്ക് ആരോഗ്യമന്ത്രി ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി

READ ENGLISH VERSION
a

തിരുവനന്തപുരം: കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ 270 കോടി രൂപ ചെലവിൽ പണിത സർജിക്കൽ ബ്ലോക്കിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ. മുരളീധരൻ ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി. നിർമ്മാണത്തിലെ ക്രമക്കേടുകൾ, സാങ്കേതിക പിഴവുകൾ, സാമ്പത്തിക ക്രമക്കേടുകൾ എന്നിവ സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകിയത്. കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സാങ്കേതിക സമിതിയെ നിയോഗിച്ച് പരിശോധന നടത്താൻ ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയോടും മന്ത്രി മുരളീധരൻ ആവശ്യപ്പെട്ടു. കെട്ടിടത്തിന്റെ ഘടനാപരമായ സുരക്ഷ വിലയിരുത്താനും നിർമ്മാണത്തിലെ പിഴവുകളും പോരായ്മകളും കണ്ടെത്താനുമാണ് നിർദ്ദേശം. പരിശോധനയിലൂടെ കണ്ടെത്തുന്ന ന്യൂനതകൾ പരിഹരിക്കുന്നതിനും ആവശ്യമായ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കാനും അഡിഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

2026 ഫെബ്രുവരി 16നാണ് കഴിഞ്ഞ സർക്കാർ പുതിയ സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം ചെയ്തത്. മാസങ്ങൾക്കുള്ളിൽ കെട്ടിടത്തിലെ സീലിംഗ് പലതവണ തകർന്നുവീണത് ആശങ്കയ്ക്കിടയാക്കി.

സീലിംഗ് തകർച്ചയ്ക്കു പുറമെ കെട്ടിടത്തിന്റെ സിവിൽ, പ്ലംബിംഗ്, ഇലക്ട്രിക്കൽ ജോലികളിലും ഗുരുതരമായ അപാകതകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചാണോ നിർമ്മാണം നടത്തിയത്? നിർമ്മാണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ആവശ്യമായ പരിശോധനകളും മേൽനോട്ടവും ഉണ്ടായിരുന്നോ? തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിക്കണമെന്നാണ് ആവശ്യം.

തകർച്ചയ്ക്ക് കാരണം അഴിമതി:

മന്ത്രി കെ. മുരളീധരൻ

ഗുണനിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചതാണ് തകർച്ചയ്ക്കു കാരണമായത്. ഇതിനു പിന്നിൽ വലിയ സാമ്പത്തിക അഴിമതി നടന്നുവെന്ന് ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയത്. നിർമ്മാണച്ചുമതല ജതാൻ കൺസ്ട്രക്ഷനാണ് നൽകിയിരുന്നത്. പ്രവൃത്തികൾ മറ്റ് ഏജൻസികൾക്ക് ഉപകരാർ നൽകിയതായും ആരോപണമുണ്ട്. നിർമ്മാണപ്രവൃത്തികളുടെ നിർവഹണത്തിലും മേൽനോട്ടത്തിലും വീഴ്ചകളുണ്ടായോ എന്നതും അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA