
കാർ കമ്പനി റിപ്പോർട്ട് കൈമാറി
നെടുമ്പാശേരി: മദ്യലഹരിയിൽ മിനി കൂപ്പർ ഓടിച്ച് എയർപോർട്ട് റോഡിൽ മൂന്ന് വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുഹൈൽ സജീവിന് (19) കുരുക്കായി ബി.എം.ഡബ്ല്യു കമ്പനിയുടെ റിപ്പോർട്ട്. അപകടത്തിന് തൊട്ടുമുമ്പുള്ള അഞ്ച് സെക്കൻഡ് കാർ 162 കി.മീ വേഗത്തിലായിരുന്നു. അപകടത്തിന് ഒരു സെക്കൻഡ് മുമ്പ് മാത്രമാണ് ബ്രേക്ക് ചവിട്ടിയത്. സ്കൂട്ടറിന് പിന്നിൽ ഇടിക്കുമ്പോൾ കാറിന്റെ വേഗത മണിക്കൂറിൽ 144 കിലോമീറ്ററായിരുന്നു. റിപ്പോർട്ട് പൊലീസിന് കൈമാറി.
സി.സി ടിവി ക്യാമറകൾ പരിശോധിച്ച പൊലീസ്, 500 മീറ്റർ വെറും 11 സെക്കൻഡുകൊണ്ടാണ് കാർ പിന്നിട്ടതെന്നും സുഹൈലിന്റെ മൊഴി കളവാണെന്നും കണ്ടെത്തിയിരുന്നു. ഇതിന് ശാസ്ത്രീയ പിന്തുണ നൽകുന്നതാണ് വാഹനത്തിന്റെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്തുള്ള റിപ്പോർട്ട്. കൂടുതൽ ശാസ്ത്രീയ വിവരങ്ങൾക്കായി കാറിന്റെ ഡേറ്റ റെക്കാഡർ ജർമ്മനിയിലെ ബി.എം.ഡബ്ല്യു ആസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്.
അപകടത്തിന് തൊട്ടുമുമ്പ് സുഹൈൽ അമിതവേഗത്തിൽ വാഹനം ഓടിക്കുന്നത് കാറിലുണ്ടായിരുന്നവർ സ്നാപ്ചാറ്റിൽ ചിത്രീകരിച്ചിരുന്നു. സ്പീഡോമീറ്ററിൽ 160 കി.മീ വേഗത രേഖപ്പെടുത്തിയ ഈ ദൃശ്യങ്ങൾ പ്രധാന തെളിവാണ്. അപകടത്തിന് മുമ്പ് സുഹൈൽ ഇതേ സ്ഥലത്തുകൂടി രണ്ടു തവണ വാഹനമോടിച്ചിരുന്നു. എറണാകുളത്തെ ബോസ്റ്റൽ സ്കൂളിലാണ് സുഹൈൽ. ജാമ്യാപേക്ഷ മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു. അപകടത്തിൽ രണ്ട് യുവതികൾ ഉൾപ്പെടെയാണ് മരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |