
കരിപ്പൂർ: കാലിക്കറ്റ് എയർപോർട്ടിൽ സ്വർണവുമായി എത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്ത നാടകമാണെന്ന് പൊലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. ദുബായിൽ നിന്ന് 18 പവൻ സ്വർണവുമായി എത്തിയ തലശ്ശേരി തിരുവങ്ങാട് സ്വദേശിനി പ്രിയങ്ക (34) തന്നെയാണ് സ്വർണം പൊട്ടിക്കലിന്റെ പ്രധാന സൂത്രധാരയെന്ന് പൊലീസ് കണ്ടെത്തി. ബുധനാഴ്ച പകൽ 11.30ഓടെയാണ് കാലിക്കറ്റ് എയർപോർട്ടിലെ ഇന്റർനാഷണൽ ഏരിയയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ദുബായിൽ നിന്ന് സഫ്‌വാൻ എന്നയാൾ കൊടുത്തയച്ച സ്വർണവുമായി എത്തിയ പ്രിയങ്ക, അത് സ്വീകരിക്കാൻ എത്തിയ മട്ടന്നൂർ ശിവപുരം സ്വദേശി ജാബിറിന് കൈമാറാതെ നീല ബൊലേനോ കാറിൽ കടന്നുകളയുകയായിരുന്നു. സ്വർണം തട്ടിയെടുക്കാനുള്ള ശ്രമം കണ്ട് ജാബിർ കാറിനു പുറകെ ഓടുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു.
എയർപോർട്ടിൽ പട്രോളിംഗിനും മുൻദിവസത്തെ കവർച്ചാകേസിന്റെ അന്വേഷണത്തിനുമായി എത്തിയ കരിപ്പൂർ എസ്.എച്ച്.ഒയും സംഘവും കാറിനു പിന്നാലെ പാഞ്ഞു. 12 കിലോമീറ്റർ അകലെ പുളിക്കൽ ആന്തിയൂർകുന്ന് റോഡിലേക്ക് വെട്ടിച്ചു കയറിയ കാറിനെ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞിട്ട് കീഴടക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിക്കൊണ്ടുപോകൽ നാടകത്തിന്റെ ചുരുളഴിഞ്ഞത്. സ്വർണം യഥാർത്ഥത്തിൽ കൊടുക്കേണ്ടവർക്ക് നൽകാതെ സ്വന്തമാക്കാൻ പ്രിയങ്ക തട്ടിക്കൊണ്ടുപോകൽ നാടകം സൃഷ്ടിക്കുകയായിരുന്നു. പ്രിയങ്കയെ കൂടാതെ കണ്ണൂർ സ്വദേശികളായ ശ്രീലാൽ, പ്രിൻസ്, സുബിത്ത്, സ്വർണം സ്വീകരിക്കാനെത്തിയ ജാബിർ എന്നിവരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |