തിരുവനന്തപുരം:കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ ഭിന്നശേഷി സൗഹൃദസംസ്ഥാനമാക്കുകയാണ് പ്രധാനലക്ഷ്യമെന്നും ഇതിനായി ഒരു മാസത്തിനകം സമഗ്രപദ്ധതികൾ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ.
27ാമത് സംസ്ഥാന സ്പെഷ്യൽസ്‌കൂൾ കലോത്സവം മണക്കാട് കാർത്തികതിരുനാൾ ഗവ.ഗേൾസ് സ്കൂളിൽ
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂറിലധികം കുട്ടികളുള്ള സ്പെഷ്യൽ സ്‌കൂളുകൾക്കെല്ലാം എയ്ഡഡ് പദവി നൽകുന്നതിനുളള പ്രഖ്യാപനം ഉടനുണ്ടാവും. ഭിന്നശേഷിക്കാർക്കായി പൊതുകെട്ടിടങ്ങളിൽ റാമ്പുകളും പ്രത്യേക ടോയ്‌ലറ്റുകളും നിർബന്ധമാക്കിയതുപോലെ, പൊതുവിടങ്ങളിൽ എത്തിച്ചേരാനും വാഹനങ്ങളിൽ കയറാനുമുളള ക്രമീകരണങ്ങൾ ഉറപ്പാക്കും. ഭിന്നശേഷിക്കാരുടെ വിവരങ്ങൾ ഉൾപ്പെടുത്തി സമഗ്ര ഡാറ്റ തുടർച്ചയായി പുതുക്കും. ഭിന്നശേഷിക്കാരായ കുട്ടികളുടെ ആവശ്യങ്ങൾക്ക് ധനപ്രതിസന്ധി തടസമാവില്ല. ഭിന്നശേഷിലക്ഷണങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിലൂടെ 60മുതൽ 70ശതമാനം വരെ പ്രശ്നങ്ങൾ ഭേദപ്പെടുത്താം. കൃത്യമായ പരിശീലനത്തിലൂടെ കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാം. ഇതിന് ലോകനിലവാരത്തിലുള്ള സംവിധാനങ്ങൾ കൊണ്ടുവരും. കാലശേഷം കുഞ്ഞുങ്ങളെ ആര് സംരക്ഷിക്കുമെന്നതിൽ മാതാപിതാക്കൾക്ക് ആകുലത വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലാ-സാഹിത്യആശയങ്ങൾ പ്രകടിപ്പിക്കാനുള്ള വേദികളാണ് കലോത്സവങ്ങളെന്ന് മന്ത്രി.എൻ.ഷംസുദ്ദീൻ അദ്ധ്യക്ഷപ്രസംഗത്തിൽപറഞ്ഞു.
പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ അരുൺ കെ.വിജയൻ പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, ഭിന്നശേഷി കമ്മിഷണർ ഡോ.പി.റ്റി.ബാബുരാജ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചെമ്പഴന്തി ഉദയൻ, പൊതുവിദ്യാഭ്യാസവകുപ്പ് മുൻഡയറക്ടർ എൻ.എസ്.കെ.ഉമേഷ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.കെ.കെ.മഷൂദ്, കൈറ്റ് സി.ഇ.ഒ ഡോ.കെ. അൻവർ സാദത്ത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |