
കൊച്ചി: ഡൽഹിയിൽ മോക് പാർലമെന്റ് നടത്തിയ ഇന്ത്യ മുന്നണി, ജനാധിപത്യ വ്യവസ്ഥയെ പരിഹസിച്ച് കോമാളികളായെന്ന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ് വാൾ പറഞ്ഞു. എറണാകുളം റിനായ് ഹോട്ടലിൽ ബി.ജെ.പിയുടെ ബൗദ്ധിക സംവാദ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.ഐ.ആർ ക്യാമ്പസിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 300 ഓളം പേർ തടിച്ചുകൂടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാറിനെ കാണണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അവർ ഇരിക്കുന്ന സ്ഥലത്ത് എത്തി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. പ്രതിനിധി സംഘത്തിന്റെ പട്ടിക തരാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. പിന്നീട് പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ഒത്തുകൂടി, രാഷ്ട്രപതി നേരിട്ട് അവിടെ വരണമെന്ന് ആവശ്യപ്പെട്ടു. പത്തുപേരുടെ പട്ടിക വാങ്ങി കാണാൻ അവസരമൊരുക്കി. രാഷ്ട്രപതി ചോദിച്ച തെളിവുകൾ ഇതുവരെ നൽകിയിട്ടില്ല. പ്രതിപക്ഷം കാട്ടിക്കൂട്ടുന്നതെല്ലാം വിരോധാഭാസമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ അഡിഷണൽ സോളിസിറ്റർ ജനറൽ അഡ്വ. പി. ശ്രീകുമാർ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ അഡ്വ. ഒ.എം. ശാലീന, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, സംസ്ഥാന സാമ്പത്തിക സെൽ കൺവീനർ വിനീത ഹരിഹരൻ, ലീഗൽ സെൽ കൺവീനർ അഡ്വ. ആർ.വി. ശ്രീജിത്ത്, സാംസ്‌കാരിക സെൽ കോ-കൺവീനർ സജി ആവിഷ്‌കാർ, ബി.ജെ.പി എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു എന്നിവർ പ്രസംഗിച്ചു.
ചർച്ചയിൽ ഹൈക്കോടതി സീനിയർ അഭിഭാഷകൻ എം.ആർ. ഹരിരാജ്, ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ശങ്കു ടി. ദാസ് എന്നിവർ പാനലിസ്റ്റുകളായി. വിനീത ഹരിഹരൻ മോഡറേറ്ററായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |