SignIn
Kerala Kaumudi Online
Monday, 02 November 2026 2.12 AM IST

ബാർ ലൈസൻസ്: അനുമതി തേടി 40 അപേക്ഷകൾ

1

തിരുവനന്തപുരം: ബാർ ലൈസൻസ് കാത്തിരിക്കുന്നത് 40 അപേക്ഷകൾ. നിലവിലെ നിയമപ്രകാരം സ്റ്റാർ ക്ളാസിഫിക്കേഷനുണ്ടെങ്കിൽ അപേക്ഷകർക്ക് ലൈസൻസ് നൽകണം. അല്ലെങ്കിൽ ചട്ടഭേദഗതി ചെയ്യണം. സർക്കാരിന്റെ മദ്യനയത്തിന് മുൻപ് ലൈസൻസുകൾ അനുവദിക്കരുതെന്നാണ് എക്സൈസിന് മന്ത്രി എം. ലിജുവിന്റെ കർശന നിർദ്ദേശം.

ഈമാസം പകുതിയോടെ പുതിയ മദ്യനയം പ്രഖ്യാപിച്ചേക്കും. ഇതിൽ ലൈസൻസ് ഫീസിൽ വ്യത്യാസം വരുത്തിയേക്കാം. എന്നാൽ പുതിയ ലൈസൻസ് നൽകില്ലെന്ന് തീരുമാനിക്കില്ല. ബാർ ലൈസൻസ് അനുവദിക്കാൻ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർമാർക്കുള്ള അധികാരം മാറ്റാനും ആലോചിക്കുന്നുണ്ട്.

അതിനിടെ എറണാകുളത്തും കോട്ടയത്തുമായി ഡെപ്യൂട്ടി കമ്മിഷണർമാർ അനുവദിച്ച മൂന്ന് ബാർ ലൈസൻസുകൾ റദ്ദാക്കാമോ എന്നതിൽ നിയമോപദേശം തേടി. സംഭവത്തിൽ കോട്ടയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഷിബു പി.എൽ, എറണാകുളം ഡെപ്യൂട്ടി കമ്മിഷണർ പി.കെ. സതീഷ് എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു.

2011ലെ യു.ഡി.എഫ് സർക്കാരാണ് നിലവാരമില്ലെന്ന പേരിൽ 418 ബാറുകൾ പൂട്ടിയത്. 2014ൽ കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം. സുധീരനുമായുള്ള തർക്കത്തെ തുടർന്ന് 312 ബാറുകളും പൂട്ടി. പൂട്ടിയ ബാറുകളിൽ താത്പര്യമുള്ളവർക്ക് ബിയർ, വൈൻ പാർലർ അനുവദിക്കാനും യു.ഡി.എഫ് തീരുമാനിച്ചു.

 ലൈസൻസ് നൽകാൻ നിയമഭേദഗതി

2016ൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയ ശേഷമാണ് വീണ്ടും ബാറുകൾ തുറന്നത്. ഇതിനായി നിയമഭേദഗതിയും കൊണ്ടുവന്നു. 2014 മാർച്ച് 31 വരെ ബാർ ലൈസൻസുണ്ടായിരുന്ന ഹോട്ടലുകൾക്ക് കേന്ദ്ര ടൂറിസം വകുപ്പിന്റെ ത്രീ സ്റ്റാർ മുതൽ മുകളിലേക്കുള്ള ക്ലാസിഫക്കേഷൻ ലഭിക്കുന്ന മുറയ്ക്ക് വീണ്ടും അനുമതി നൽകാമെന്നും വ്യവസ്ഥ ചെയ്തു. ഈ വ്യവസ്ഥ നിലവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിവാദമായ മൂന്ന് ലൈസൻസുകളും അനുവദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA