
കൊച്ചി: പുരോഗമനപരമായ തീരുമാനങ്ങളിലൂടെ ചരിത്രം രചിച്ച പാരമ്പര്യമാണ് കേരള ഹൈക്കോടതിയുടേതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. കേരള ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1999ൽ പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചതടക്കമുള്ള വിധികൾ രാജ്യാന്തരതലത്തിൽ ശ്രദ്ധേയമായി. കൽപ്പറ്റ ജില്ലാകോടതിയെ രാജ്യത്തെ ആദ്യ പേപ്പർരഹിത കോടതിയാക്കിയും മാതൃകയായി. ഇന്ത്യയിലെ ആദ്യവനിതാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അന്നാചാണ്ടിയും സുപ്രീംകോടതിയിലെ ആദ്യ വനിതാജഡ്ജി ജസ്റ്റിസ് എം.ഫാത്തിമബീവിയും കേരള ഹൈക്കോടതിയുടെ സംഭാവനയാണ്. ഉന്നത നീതിന്യായമേഖലയിൽ പുരുഷാധിപത്യമുള്ള കാലത്തായിരുന്നു അത്. ഇത്തരം തീരുമാനങ്ങൾ സുപ്രീംകോടതിയെയും സ്വാധീനിച്ചിട്ടുണ്ട്. അടുത്തിടെ രണ്ടു വനിതാ ജഡ്ജിമാരാണ് സുപ്രീംകോടതിയിലെത്തിയത്. ബാർ കൗൺസിലുകളിലും വനിതകൾക്ക് 30ശതമാനം പ്രാതിനിദ്ധ്യം ഉറപ്പാക്കാനായി. രാജ്യത്തെ 25ഹൈക്കോടതികളുടെ ശൃംഖലയാണ് നിയമവ്യവസ്ഥയുടെ കരുത്തെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻസെൻ അദ്ധ്യക്ഷനായി. സീനിയർ അഭിഭാഷകൻ പി.ബി.മേനോനെ ആദരിച്ചു. ഹൈക്കോടതിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെയും പ്ലാറ്റിനം ജൂബിലി സുവനീറിന്റെയും ജൂബിലി സ്റ്റാമ്പിന്റെയും പ്രകാശനം ജസ്റ്റിസ് സൂര്യകാന്ത് നിർവഹിച്ചു. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടി, കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ് വാൾ, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡോ.ജയശങ്കരൻ നമ്പ്യാർ, അഡ്വക്കേറ്റ് ജനറൽ കെ.ജാജു ബാബു, അഡീഷണൽ സോളിസിറ്റർ ജനറൽ പി.ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, വിവിധ ഹൈക്കോടതികളിലെ ജഡ്ജിമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |