SignIn
Kerala Kaumudi Online
Friday, 06 November 2026 1.32 AM IST

 ബി.എൽ.എം തട്ടിപ്പ് -- പ്രേംകുമാറിന്റെ 103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ച് ഇ.ഡി

കൊച്ചി: ഉയർന്ന പലിശയും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ മൾട്ടി സ്‌റ്റേറ്റ് സഹകരണസംഘമായ ബി.എൽ.എം ഗ്രൂപ്പിന്റെ സ്ഥാപകൻ ആർ. പ്രേംകുമാറിന്റെയും കുടുംബത്തിന്റെയും 103 കോടിയുടെ സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചു. എറണാകുളം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മൂന്നാർ, ചെന്നൈ എന്നിവിടങ്ങളിലെ 12 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിന്റെ തുടർച്ചയായാണ് നടപടി.

റോൾസ് റോയ്‌സ്, പോർഷെ, ടൊയോട്ട വെൽഫയർ, മെഴ്‌സിഡസ് ഉൾപ്പെടെ ഏഴ് കോടി രൂപ വിലമതിക്കുന്ന എട്ട് ആഡംബര കാറുകൾ, 9.6 കോടി രൂപയുടെ 7.4 കിലോ സ്വർണം, 80 കോടിയുടെ ഓഹരി നിക്ഷേപങ്ങൾ, അഞ്ച് കോടിയുടെ സ്ഥാവര സ്വത്തുക്കൾ, 1.86 കോടിയുടെ ബാങ്ക് നിക്ഷേപം എന്നിവയാണ് മരവിപ്പിച്ചത്.

പ്രേംകുമാറും കൂട്ടാളികളും 320 ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് കോടികളുടെ ഇടപാടുകൾ നടത്തിയത്. സ്ഥാപനത്തിന്റെ ഭരണം ഇപ്പോഴും പ്രേംകുമാറാണ് നിയന്ത്രിക്കുന്നതെന്ന് വ്യക്തമാക്കുന്ന രേഖകളും പിടിച്ചെടുത്തു. കൃത്യമായ തുക തിട്ടപ്പെടുത്തിവരികയാണെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.

സൊസൈറ്റി സമാഹരിച്ച നിക്ഷേപവും സ്ഥാപനത്തിന്റെ സ്വത്തുക്കൾ ഈടുവച്ചെടുത്ത വായ്പകളും സ്വന്തം പേരിലേക്കും കുടുംബാംഗങ്ങളിലേക്കും വകമാറ്റി. പ്രേംകുമാറിനെ നേരത്തെ കോഴിക്കോട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നെങ്കിലും നടപടികളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നതിനിടെയാണ് ഇ.ഡി പരിശോധന കർശനമാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BLM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA