
ആലപ്പുഴ:ഉത്പാദനച്ചെലവിലെ വർദ്ധനയിലും കാലാവസ്ഥാവ്യതിയാനത്തിലെ വിളനഷ്ടത്തിലും നട്ടംതിരിയുന്ന നെൽകർഷകരെ നിരാശയിലാക്കി നെൽവില പ്രഖ്യാപനം. കിലോഗ്രാമിന് 35രൂപയാക്കുമെന്ന് പ്രകടനപത്രികയിൽ യു.ഡി.എഫ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും സർക്കാർ പ്രഖ്യാപിച്ചത് 28പൈസയുടെ വർദ്ധന മാത്രം.
കേന്ദ്രവിഹിതമായ (എം.എസ്.പി)24.41 രൂപയും സംസ്ഥാന സർക്കാരിൻറെ പ്രോത്സാഹനബോണസായ 6.31രൂപയും സഹിതം 30.72രൂപയാണ് ഒരു കിലോ നെല്ലിന് കർഷകർക്ക് ലഭിച്ചിരുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച 28പൈസയുടെ വർദ്ധനകൂടി നടപ്പാകുമ്പോൾ 31രൂപയാകും.
ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് രാസവളങ്ങളുടെയും കീടനാശിനികളുടെയും വിലയിലും കൂലിചെലവിലും ഭീമമായ വർദ്ധനയുണ്ടായിട്ടുണ്ട്. ഉത്പാദനച്ചെലവ് ഒന്നര ഇരട്ടിയായി. ഒരു കിലോ നെല്ലിന് 40രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനിൽക്കാനാകുവെന്നാണ് കർഷകർ പറയുന്നത്.
കേന്ദ്രം വർദ്ധിപ്പിച്ചാലും രക്ഷയില്ല!
വർഷംതോറും കേന്ദ്രം നെൽവിലയിൽ വർദ്ധന വരുത്തിയെങ്കിലും സംസ്ഥാനത്ത് അതിനനുസൃതമായി പ്രോത്സാഹനബോണസിൽ ആനുപാതികമായ കുറവ് വരുത്തുകയാണ് കഴിഞ്ഞ സർക്കാർ ചെയ്തത്. 2020-21 മുതൽ 2026-27 വരെ കേന്ദ്രവിഹിതത്തിൽ കിലോഗ്രാമിന് 5.73 രൂപയുടെ വർദ്ധനയുണ്ടായതുപോലെ സംസ്ഥാന വിഹിതത്തിലും ആനുപാതികവർദ്ധന ഉണ്ടായിരുന്നെങ്കിൽ നെൽവില 35ന് മുകളിലെത്തുമായിരുന്നു.
നെൽവില
(വർഷം,കേന്ദ്രവിഹിതം,സംസ്ഥാന വിഹിതം,ആകെവില എന്നക്രമത്തിൽ)
2020-21......18.68......8.80 ...27.48രൂപ
2021-22......19.40......8.80 ....28.20രൂപ
2022-23.......20.40 ....7.80.....28.20രൂപ
2023-24.......21.83 ....6.37.....28.20 രൂപ
2024-25.......23.00 ....5.20......28.20രൂപ
2025-26.......23.69.....6.31.....30.00രൂപ
2026-27.......24.41.....6.31......30.72രൂപ
കൂലിച്ചെലവും രാസവള,കീടനാശിനി വിലകളിലെ വർദ്ധനയും കണക്കിലെടുത്ത് പ്രകടനപത്രികയിൽ യു.ഡി.എഫ് വാഗ്ദാനം ചെയ്ത നെൽവില വർദ്ധനയാണ് കർഷകർ പ്രതീക്ഷിച്ചത്. 28പൈസയുടെ വർദ്ധന കർഷകരെ കബളിപ്പിക്കുന്നതാണ്.
- സോണിച്ചൻ പുളിങ്കുന്ന്, വോയ്സ് ഫോർ ഗ്രേറ്റർ കുട്ടനാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |