
ശബരിമല: മണ്ഡലകാല തീർത്ഥാടനം തുടങ്ങാൻ ഒരാഴ്ച ശേഷിക്കേ, സന്നിധാനത്തെ അരവണ പ്ളാന്റിന്റെ ശേഷി വർദ്ധിപ്പിക്കാനുള്ള പണി പൂർത്തിയാകാത്തത് അരവണയുടെ കരുതൽ ശേഖരത്തിൽ കുറവുണ്ടാക്കും. സീസൺ തുടങ്ങുമ്പോൾ 75 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമാക്കാനാണ് ദേവസ്വം ബോർഡ് ലക്ഷ്യമിട്ടിരുന്നത്. നിലവിൽ പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 2.40 ലക്ഷം ടിൻ മാത്രം. ദിവസം 3.60 ലക്ഷം ടിൻ ഉത്പാദിപ്പിക്കേണ്ടതാണ്.
കഴിഞ്ഞവർഷം 47 ലക്ഷം ടിൻ കരുതൽ ശേഖരമായി സൂക്ഷിച്ചിട്ടും തീർത്ഥാടന കാലത്ത് പ്രതിസന്ധി ഉടലെടുത്തിരുന്നു. അന്ന് 2.50 ലക്ഷം ടിൻ അരവണയാണ് പ്രതിദിനം നിർമ്മിച്ചിരുന്നത്. അരവണ പ്ലാന്റിൽ മുമ്പുണ്ടായിരുന്ന 23 പ്രിപ്പറേഷൻ പാനുകൾക്കൊപ്പം ആറ് പ്രിപ്പറേഷൻ പാനുകൾ, രണ്ട് കൂളിംഗ് ചേംബറുകൾ, ഒരു ബോയിലർ എന്നിവ കൂടി അധികമായി സ്ഥാപിച്ച് നിർമ്മാണം വർദ്ധിപ്പിക്കാനായിരുന്നു പദ്ധതി. ഇതിനായി കഴിഞ്ഞ ചിങ്ങമാസ പൂജകൾക്കു ശേഷം പ്ലാന്റ് അടച്ചിട്ട് പണികൾ ആരംഭിച്ചെങ്കിലും പൂർത്തിയായില്ല. നീരാവിയിൽ പ്രവർത്തിപ്പിക്കുന്ന പുതിയ ആറ് പ്രിപ്പറേഷൻ പാനുകൾ സ്ഥാപിച്ചെങ്കിലും മൂന്നെണ്ണത്തിൽ മാത്രമാണ് അരവണ നിർമ്മിക്കുന്നത്.
പായ്ക്കിംഗും വൈകും
അരവണ പായ്ക്കിംഗിനായി 1999ലും 2018ലും സ്ഥാപിച്ച രണ്ട് സെമി ഓട്ടോമാറ്റിക് മെഷീനുകളാണുള്ളത്. 1999ൽ സ്ഥാപിച്ച മെഷീന്റെ ശേഷി മിനിട്ടിൽ 180 ടിൻ വരെയായിരുന്നെങ്കിലും കാലപ്പഴക്കം മൂലം 110 ആയി കുറഞ്ഞു
2018ൽ സ്ഥാപിച്ച മെഷീനിൽ നിത്യേന 3.50ലക്ഷം ടിൻ പായ്ക്കുചെയ്യാൻ ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നതെങ്കിലും യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതും കാലപ്പഴക്കം മൂലവും ശേഷി കുറഞ്ഞു
രണ്ടു മെഷീനുകളും 20 മണിക്കൂറിലധികം പ്രവർത്തിപ്പിക്കാനാകുന്നില്ല. പായ്ക്കിംഗ് വൈകുന്നതും വിതരണത്തെ ബാധിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |