
കോട്ടയം: സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിൽ കഴിഞ്ഞ സർക്കാരിലെ മന്ത്രിമാരെ രൂക്ഷവിമർശിച്ച് പ്രതിനിധികൾ. പി.രാജീവ്, കെ.എൻ.ബാലഗോപാൽ, എം.ബി.രാജേഷ്, വി.ശിവൻകുട്ടി എന്നിവരുടെ തൊഴിലാളി വിരുദ്ധ സമീപനം തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് തുറന്നടിച്ചു. അധികാരം കിട്ടിയപ്പോൾ ഇവരെല്ലാം തൊഴിലാളികളെ മറന്നെന്നും പരക്കെ വിമർശനമുയർന്നു. ധനമന്ത്രിയായിരുന്ന കെ.എൻ. ബാലഗോപാലിനും കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജനുമെതിരെയും ശക്തമായ പരിഹാസമുയർന്നു. ഇരുവരെയും 'തൊഴിലാളി ശ്രേഷ്ഠ അവാർഡ് ' നൽകി ആദരിക്കണമെന്ന് കെ.എസ്.എഫ്.ഇയിലെ തൊഴിലാളി പ്രതിനിധികൾ പരിഹസിച്ചു. ക്ഷേമ ബോർഡുകൾക്ക് പണം അനുവദിക്കാതെ തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയെന്നും വിമർശനമുയർന്നു. കൂടുതൽ ബാറുകൾ അനുവദിക്കാൻ തിടുക്കപ്പെട്ടപ്പോൾ പരമ്പരാഗത ചെത്തുതൊഴിലാളികളുടെ ക്ഷേമത്തിന് എം.ബി.രാജേഷ് നടപടിയെടുത്തില്ല. മദ്യനയം കള്ളുവ്യവസായത്തിന് ദോഷകരമായി. തൊഴിലാളി നേതാവായ പി.രാജീവ് വ്യവസായ മന്ത്രിയായപ്പോൾ വൻകിട മുതലാളിമാരുമായി ചങ്ങാത്തം കൂടുകയും തൊഴിലാളികളെ മറക്കുകയും ചെയ്തു. കയർ തൊഴിലാളികളുടെ ക്ഷേമത്തിന് ഒന്നും ചെയ്തില്ല. പലപ്പോഴും മന്ത്രിയെ കാണാൻ യൂണിയൻ നേതാക്കൾക്ക് പോലും സാധിച്ചില്ല. തൊഴിൽ വകുപ്പ് കൈകാര്യം ചെയ്ത വി.ശിവൻ കുട്ടി പരാജയമായിരുന്നെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
രണ്ടാം പിണറായി സർക്കാർ
യു.ഡി.എഫിന് വഴിയൊരുക്കി
ഒന്നാം പിണറായി സർക്കാർ രണ്ടാം പിണറായി സർക്കാരിന്റെ ഭരണത്തുടർച്ചയ്ക്ക് വഴിയൊരുക്കിയെങ്കിൽ, രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങൾ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന് വഴിയൊരുക്കിയെന്നും പ്രതിനിധികൾ വിമർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |