കൊച്ചി:കേരളത്തിന്റെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ നിരവധി പദ്ധതികൾക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
കേരള ടൂറിസം മാർട്ടിന്റെ 13-ാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിവർഷമെത്തുന്ന വിദേശവിനോദ സഞ്ചാരികളുടെ എണ്ണം എട്ട് ലക്ഷത്തിൽ നിന്ന് 50 ലക്ഷത്തിലും ആഭ്യന്തരസഞ്ചാരികളുടെ എണ്ണം 2.5 കോടിയിൽ നിന്ന് 10 കോടിയിലും മൂന്നു വർഷം കൊണ്ട് എത്തിക്കും.
പശ്ചിമഘട്ടത്തിന്റെ വന്യസൗന്ദര്യം ആസ്വദിക്കാൻ ജംഗിൾ ലോഡ്ജുകൾ, ട്രെക്കിംഗ്, പക്ഷിനിരീക്ഷണം തുടങ്ങിയ പ്രകൃതിസൗഹൃദ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തും. വിഴിഞ്ഞത്തും കൊച്ചിയിലും കോഴിക്കോട്ടും ക്രൂയിസ് ടൂറിസം സർക്യൂട്ടുകൾ ഒരുക്കും. നെടുമ്പാശേരിയിൽ അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ, കൊച്ചിയിൽ ഓഷ്യനേറിയം, മറൈൻ മ്യൂസിയം എന്നിവ നിർമ്മിക്കും. കോഴിക്കോട് എം.ടിയുടെ പേരിൽ കൾച്ചറൽ പാർക്ക് സ്ഥാപിക്കും. സാംസ്കാരികകലണ്ടർ തയ്യാറാക്കും. 2000 വർഷത്തെ നാവികചരിത്രമുള്ള മുസിരിസിനെ അന്താരാഷ്ട്രതലത്തിൽ പൈതൃക-ഗവേഷണകേന്ദ്രമാക്കി ഉയർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ വിനോദകേന്ദ്രങ്ങളുടെ തനിമ ആഗോളബ്രാൻഡാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ധ്യക്ഷനായിരുന്ന ടൂറിസംമന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ടൂറിസത്തിന് ദോഷം വരുന്നതൊന്നും മദ്യനയത്തിലുണ്ടാകില്ലെന്ന് മുഖ്യാതിഥിയായിരുന്ന എക്സൈസ് മന്ത്രി എം. ലിജു പറഞ്ഞു.
എം.എൽ.എമാരായ ടോണി ചമ്മണി, ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, കൊച്ചി മേയർ അഡ്വ.വി.കെ മിനിമോൾ തുടങ്ങിയവർ പങ്കെടുത്തു. രാജ്യത്തിനകത്തും പുറത്തുമുളള 1500-ലധികം ബയർമാരാണ് പങ്കെടുക്കുന്നത്. ഇന്നു മുതൽ 27 വരെ വില്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററുകളിലാണ് കൂടിക്കാഴ്ചകളും പ്രദർശനവുമുളളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |