
തിരുവനന്തപുരം: പല മേഖലകളിലും കേരളം രാജ്യത്തിന് മാതൃകയാണെന്നും ഇക്കാര്യത്തിൽ പൊലീസ് നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണെന്നും പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ പറഞ്ഞു. കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് എസ്.എ.പി ഗ്രൗണ്ടിൽ നടന്ന റൈസിംഗ് ഡേ പരേഡിന്റെ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാനം, സുരക്ഷ, സാമൂഹിക നീതി തുടങ്ങിയവ പരിപാലിക്കുന്നതിലും അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിച്ചുപോരുന്നതിലും പൊലീസ് വഹിച്ച പങ്ക് നിർണായകമാണ്. പ്രൊഫഷണലിസം, അർപ്പണബോധം, സഹാനുഭൂതി തുടങ്ങിയ സമീപനത്തിലൂടെ പൊലീസിന്റെ ഭാവിയിലേക്കുള്ള പ്രവർത്തനം കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. മികച്ചസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ച 281 ഉദ്യോഗസ്ഥർക്ക് അദ്ദേഹം പുരസ്‌കാരം വിതരണം ചെയ്തു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, ഇന്റലിജൻസ് വിഭാഗം എ.ഡി.ജി.പി ദിനേന്ദ്ര കശ്യപ്, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി.വിജയൻ, പൊലീസ് ആസ്ഥാനത്തെ ഐ.ജി.ഹർഷിത അട്ടല്ലൂരി, മറ്റ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |