SignIn
Kerala Kaumudi Online
Friday, 25 September 2026 1.15 AM IST

ഡിജിറ്റൽ പേമെന്റിനോട് മുഖംതിരിച്ച് സർക്കാർ ആശുപത്രികൾ

ഭൂരിഭാഗം ആശുപത്രികളിൽ പണം മാത്രമേ സ്വീകരിക്കൂ
തിരുവനന്തപുരം: ഡിജിറ്റൽ പേമെന്റ് രാജ്യമാകെ വ്യാപകമായിട്ടും ഇതിന്റെ ഭാഗമാകാതെ സർക്കാർ ആശുപത്രികൾ. ഭൂരിഭാഗം സർക്കാർ ആശുപത്രികളിലും ഇപ്പോഴും പണം മാത്രമേ സ്വീകരിക്കാറുള്ളൂ. ചെറുകിട വഴിയോര കച്ചവടക്കാറുൾപ്പെടെ യു.പി.ഐ സംവിധാനം ഉപയോഗപ്പെടുത്തുന്ന സ്ഥാനത്താണ് സർക്കാർ ആശുപത്രികൾ ഡിജിറ്റൽ പണമിടപാടുകളോട് മുഖം തിരിക്കുന്നത്. ശസ്ത്രക്രിയകൾക്കും മറ്റും ഉയർന്ന തുക അടയ്‌ക്കേണ്ടി വന്നാലും തുക പണമായി കൊണ്ടുവരേണ്ട സ്ഥിതിയാണ്.

ഇത് കാരണം രോഗികളും കൂട്ടിരിപ്പുകാരുമാണ് ബുദ്ധിമുട്ടുന്നത്. സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ പണമിടപാടിന് മടിച്ചുനിൽക്കുന്നതെന്തിനെന്ന ചോദ്യമാണ് ജനങ്ങളിൽ നിന്ന് ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട് വാക്കുതർക്കങ്ങളും ആശുപത്രികളിൽ ഉണ്ടാകുന്നുണ്ട്.


മെഡിക്കൽ കോളേജുകൾ മുതൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾവരെ എല്ലാ ആതുരാലയങ്ങളിലും ഡിജിറ്റൽ പേമെന്റിന് ആവശ്യമായ സൗകര്യമൊരുക്കാൻ ആരോഗ്യവകുപ്പാണ് മുൻകൈയെടുക്കേണ്ടത്. ഇക്കാര്യത്തിൽ ഏകീകൃത സംവിധാനം സർക്കാർ ഒരുക്കിയാൽ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂവെന്ന് ഡോക്ടർമാരടക്കം ചൂണ്ടിക്കാട്ടുന്നു.

മന്ത്രിക്ക് നിവേദനം, പരിശോധിക്കാമെന്ന് ഉറപ്പ്
സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഡിജിറ്റൽ പേമെന്റ് സംവിധാനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്‌സ് ആരോഗ്യമന്ത്രി കെ.മുരളീധരന് നിവേദനം നൽകി. രോഗികളും കൂട്ടിരിപ്പുകാരുമടക്കം നിലവിലെ സാഹചര്യത്തിൽ ഏറെ ബുദ്ധിമുട്ടുന്നതായി ചൂണ്ടിക്കാട്ടി ദേശീയ സെക്രട്ടറി എം.നജീബ്, ജനറൽ സെക്രട്ടറി കരിയം.ബി.ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. വിഷയം പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIGETAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA