
കൊച്ചി: മാസപ്പടിയുമായി ബന്ധപ്പെട്ട് ദുബായിൽ നടന്ന ഹവാല ഉൾപ്പെടെയുള്ള പണമിടപാടുകളുടെ വിശദ വിവരങ്ങൾ അന്താരാഷ്ട്ര ഏജൻസികളുടെ സഹകരണത്തോടെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കണ്ടെത്തും. ഇ.ഡി പുതുതായി രജിസ്‌റ്റർ ചെയ്‌ത വിദേശ നാണയ വിനിമയച്ചട്ട ലംഘന (ഫെമ), അഴിമതി കേസുകളിലാണ് നടപടി. വിണാ വിജയൻ ഭർത്താവും മുൻമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് വഴി ദുബായിലേക്ക് പണം കടത്തിയെന്നാണ് ഇ.ഡി പറയുന്നത്. റിയാസിന്റെ സുഹൃത്തുക്കളിലേക്കും അന്വേഷണം നീളും.
വഴികൾ
രണ്ട്
1) ദുബായിൽ നിന്ന് ലഭിക്കേണ്ട വിവരങ്ങൾ വ്യക്തമാക്കി കള്ളപ്പണ വിനിമയം തടയൽ നിയമം (പി.എം.എൽ.എ) പ്രകാരം കോടതിയിൽ അപേക്ഷ സമർപ്പിക്കും. ദുബായിൽ അന്വേഷിക്കേണ്ട വിവരങ്ങളുടെ പട്ടികയും ചോദ്യാവലിയും തയ്യാറാക്കി സമർപ്പിക്കും. കോടതി ഇവ പരിശോധിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറും, തുടർന്ന് , വിദേശകാര്യ മന്ത്രാലയം എംബസി വഴി ദുബായ് അധികൃതർക്ക് കൈമാറും. ഇന്ത്യൻ അന്വേഷണ ഏജൻസികളുമായി ധാരണയുള്ള ദുബായിലെ ഏജൻസി അന്വേഷണം നടത്തി വിശദ വിവരങ്ങൾ നൽകും. ഇവ തെളിവുകളായി കണക്കാക്കും.
2) സാമ്പത്തിക തട്ടിപ്പുകൾ സംബന്ധിച്ച വിവിധ രാജ്യങ്ങളിലെ അന്വേഷണ, രഹസ്യ നിരീക്ഷണ ഏജൻസികൾ സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇ.ഡിക്ക് ആവശ്യമായ വിവരങ്ങൾ ഈ ശൃംഖല വഴിയും സമാഹരിക്കാം . മറ്റൊരു രാജ്യത്ത് നേരിട്ടെത്തി അന്വേഷണവും തെളിവുകളും രേഖകളും സമാഹരിക്കുന്നതിന് നിയമപരമായും മറ്റുമുള്ള തടസങ്ങൾ ഒഴിവാക്കാൻ അന്താരാഷ്ട്ര ശൃംഖലയെ ഉപയോഗിക്കാം.
വീണാ വിജയൻ സ്വന്തം കൈപ്പടയിൽ എഴുതിയ ചുവന്ന ബുക്കിൽ 20.5 കോടിയുടെ ഇടപാടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. റിയാസിന്റെ സുഹൃത്ത് കെ. വാരിഷ് നൽകിയ മൊഴിയിൽ ഇക്കാര്യമുണ്ട്. മുഹമ്മദ് റിയാസിന്റെ നിർദ്ദേശ പ്രകാരം ചിലർ തന്റെ ഓഫീസിലെത്തി 2024 ജൂൺ, ജൂലായ് മാസങ്ങളിൽ പണം കൈമാറിയെന്നാണ് വാരിഷിന്റെ മൊഴി. 2024ൽ 1.2 കോടി ഹവാല ഏജന്റ് സുബൈർ കരുവംപൊയിൽ വഴി ദുബായിലെ ഫൈജാസ് വി.പിക്ക് കൈമാറിയെന്നും മൊഴിയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |