SignIn
Kerala Kaumudi Online
Sunday, 21 June 2026 9.01 AM IST

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യം; ജീവനക്കാരൻ കമ്പനിക്ക് തീയിട്ടു, കോടികളുടെ നാശനഷ്ടം

READ ENGLISH VERSION
fire

തൃശൂർ: വേളക്കോട് എണ്ണക്കമ്പനിക്ക് തീപിടിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. തീയിട്ടത് കമ്പനി ജീവനക്കാരൻ തന്നെയാണെന്നാണ് കണ്ടെത്തൽ. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിലാണ് തീയിട്ടതെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. പ്രതി ടിറ്റോ തോമസ് (36) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തൃശൂർ വേളക്കോട് ഇൻഡസ്‌ട്രിയൽ എസ്റ്റേറ്റിലെ ഗൾഫ് പെട്രോൾ കെമിക്കൽസ് എന്ന എണ്ണക്കമ്പനിയിൽ തീപിടിത്തമുണ്ടായത്. തൃശൂർ പൂത്തോൾ സ്വദേശി സ്റ്റീഫനാണ് ഉടമ. കുന്നംകുത്തുനിന്നും തൃശൂരിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സംഘവും ഗുരുവായൂരിൽ നിന്ന് ഒരു യൂണിറ്റുമെത്തിയാണ് തീയണച്ചത്.

തീപിടിത്തമുണ്ടായതിന് പിന്നാലെ സ്ഥാപനമുടമയ്ക്ക് ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. പ്രതി തന്നെയാണ് വിവരം അറിയിച്ചത്. താൻ ഫാക്ടറിക്ക് തീയിട്ടുവെന്നും വേണമെങ്കിൽ പോയി തീ അണച്ചോളൂ എന്നുമാണ് അറിയിച്ചത്. ശേഷം പേരാമംഗലം പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ കീഴടങ്ങുകയായിരുന്നു.

എണ്ണക്കമ്പനിയിലെ ഡ്രൈവറായിരുന്നു ടിറ്റോ തോമസ്. ഒന്നരമാസം മുൻപ് കമ്പനിയിൽവച്ച് സ്റ്റീഫൻ ടിറ്റോയോട് ഓയിൽ ക്യാനുകൾ എണ്ണിത്തിട്ടപ്പെടുത്താൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ടിറ്റോ തന്റെ പണി അതല്ലെന്ന് മറുപടി നൽകി. തുടർന്ന് ഉടമ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. എന്നാൽ ടിറ്റോയുടെ ജീവിത സാഹചര്യം മനസിലാക്കിയ സ്റ്റീഫൻ മാർച്ച് ഒന്നുമുതൽ തിരികെ ജോലിക്ക് കയറാൻ നിർദേശിച്ചു. ഇതിനിടെയാണ് ഇയാൾ കമ്പനിക്ക് തീയിട്ടത്. ഒരുകോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THRISSUR, OIL COMPANY, ABLAZE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA