
കൊച്ചി: രാഷ്ട്രപതിയിൽ നിന്ന് പദ്‌മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ഡൽഹിയിൽ നിന്ന് തിരിച്ചെത്തുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് 24ന് കൊച്ചിയിൽ സ്വീകരണം നൽകും. ഐക്യദാർഢ്യ പ്രഖ്യാപനവും നടക്കും. വൈകിട്ട് 4ന് എറണാകുളം ടൗൺഹാളിൽ സംഘടിപ്പിക്കുന്ന സ്വീകരണം ജില്ലയിലെ യോഗത്തിന്റെ ഒമ്പത് യൂണിയനുകളുടെ നേതൃത്വത്തിലാണ്.
യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ അദ്ധ്യക്ഷത വഹിക്കും. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ സംസാരിക്കും. യോഗം കൗൺസിൽ അംഗങ്ങളും എസ്.എൻ ട്രസ്റ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളും ചേർന്ന് വൈകിട്ട് 3ന് വെള്ളാപ്പള്ളിയെ കൊച്ചി വിമാനത്താവളത്തിൽ സ്വീകരിക്കും. വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആനയിക്കുക. യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി പദവികളിൽ വെള്ളാപ്പള്ളി നടേശൻ മൂന്ന് പതിറ്റാണ്ട് തികയ്‌ക്കുന്ന വേളയിൽ അദ്ദേഹത്തെ തേടിയെത്തിയ പദ്മഭൂഷൺ ബഹുമതി പിന്നാക്ക ജനസമൂഹത്തിന് ലഭിച്ച അംഗീകാരം കൂടിയാണെന്ന് യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പന്തളം യൂണിയൻ പ്രസിഡന്റും പബ്‌ളിസിറ്റി കമ്മിറ്റി ചെയർമാനുമായ അഡ്വ.സിനിൽ മുണ്ടപ്പിള്ളി, യോഗം കൗൺസിലർ ഇ.എസ്.ഷീബ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ, കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, പറവൂർ യൂണിയൻ കൺവീനർ ഷൈജു മനയ്‌ക്കപ്പടി, കൊച്ചി യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ എന്നിവർ പങ്കെടുത്തു.
നേതൃയോഗം ബംഗളൂരുവിൽ
എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃയോഗം ജൂൺ 26, 27, 28 തീയതികളിൽ ബംഗളൂരു ഫോർച്യൂൺ ഹോട്ടലിൽ നടക്കും. ഇന്ത്യയിലും വിദേശത്തുമുള്ള യോഗം യൂണിയൻ പ്രസിഡന്റുമാരും സെക്രട്ടറിമാരും കൗൺസിലർമാരും പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |