തിരുവനന്തപുരം: കാര്യമായ നികുതി വർദ്ധനവില്ല. സാമൂഹിക- അടിസ്ഥാന മേഖലകളിലേക്കും പണമിറക്കി വരുമാന മധുരം കൂട്ടി കേരളം. ഒരു ദശകത്തിന് ശേഷമുള്ള മികച്ച വരുമാന വളർച്ചയിലേക്ക് സംസ്ഥാനം. ജി.എസ്.ടി നടപ്പാക്കിയ ശേഷമുണ്ടായ മികച്ച നേട്ടം. കഴിഞ്ഞവർഷം ഓണത്തിന് ശേഷമുള്ള മാസം നികുതി വളർച്ച രണ്ടു ശതമാനമെങ്കിൽ, ഈ വർഷമത് 19% ആയി വർദ്ധിച്ചു. അക്കൗണ്ടന്റ് ജനറലിന്റെ സെപ്തംബർ മാസത്തെ അർദ്ധവാർഷിക റിപ്പോർട്ടിലാണ് ഈ സൂചന. ഓണക്കാലത്തെ പൊതുവിപണിയിലെ ഉണർവും പ്രതീക്ഷയും ജനങ്ങളുടെ പക്കൽ കൂടുതൽ പണമെത്തിയതും വളർച്ച കൂട്ടി. ഒക്ടോബറിൽ ജി.എസ്.ടി.വരുമാനം 3,689 കോടി, കഴിഞ്ഞവർഷം ഒക്ടോബറിലത് 2,913 കോടിയായിരുന്നു. വാർഷിക വളർച്ച 27%. ദേശീയതലത്തിൽ ഇത് 12.8% ആയിരുന്നു. വി.ഡി.സതീശന്റെ നേതൃത്വത്തിൽ ധനവകുപ്പും സംസ്ഥാനഭരണവും ഏറ്റെടുത്തശേഷം ആദ്യ ആറുമാസത്തിൽ 23,272 കോടിയായി നികുതിവരുമാനം വർദ്ധിച്ചു. മുൻവർഷത്തേക്കാൾ 20% വളർച്ചയുണ്ടായി. ഇതേ കാലയളത്തിൽ ദേശീയതലത്തിലെ വളർച്ച 15% ആയിരുന്നു. ജി.എസ്.ടി സംവിധാനത്തിൽ മാറ്റമുണ്ടാക്കാതെയും, നികുതി വർദ്ധിപ്പിക്കാതെയുമാണ് ഈ നേട്ടങ്ങളെല്ലാം.
അടിസ്ഥാനമേഖലയിലേക്കും പണം
അടിസ്ഥാന സൗകര്യമേഖലയിൽ കുറച്ചുതുക ചെലവാക്കുന്നുവെന്ന പേരുദോഷവും മാറ്റി. ഇതാദ്യമായി മൂലധനച്ചെലവിൽ 4,217കോടിയുടെ വർദ്ധനവാണ് നേടിയത്. വളർച്ചാശതമാനത്തിൽ 57 ശതമാനം. സാമൂഹ്യസുരക്ഷാ പെൻഷൻ, പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി, ശമ്പളപെൻഷൻ വിതരണം എന്നിവയിൽ ആറുമാസവും ഒരു കുറവുമുണ്ടായില്ല. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രഖ്യാപിച്ച ക്ഷാമബത്ത അടക്കം വിതരണം ചെയ്തു.
വരുമാനവർദ്ധനവ് ഇങ്ങനെ
തനത് നികുതി വരവ്
വർദ്ധനവ്..........................................6,486 കോടി
വളർച്ച..............................................16.54%
തനത് നികുതിയേതര വരവ്
വർദ്ധനവ്........................................4295 കോടി
വളർച്ച............................................ 71.96%
ആകെ വരവ്:
വർദ്ധനവ്..........................................20,000 കോടി
വളർച്ച ............................................21.12%
ജി.എസ്.ടി.വരുമാനം
ഒക്ടോബർ
3,689 കോടി,
കഴിഞ്ഞവർഷം ഒക്ടോബറിൽ
2,913 കോടി
വളർച്ച 27%.
വി.ഡി.സർക്കാരിന്റെ 6 മാസം
23,272 കോടി
മുൻവർഷം ഇതേകാലയളവിൽ
19,395 കോടി.
വളർച്ച 20%.
നികുതി കൂട്ടാതെ, വിപണിയെ ഉത്തേജിപ്പിച്ച് വരുമാനം വർദ്ധിപ്പിക്കുന്ന കെയ്നീഷ്യൻ സാമ്പത്തികസമീപനമാണ് സ്വീകരിച്ചത്. അതാണ് നേട്ടത്തിനിടയാക്കിയത്. അത് തുടരും. നവംബർ 18ന് സർക്കാർ ആറുമാസം തികയ്ക്കും. അതിന് ശേഷം വൻമാറ്റം ദൃശ്യമാകും.
വി.ഡി. സതീശൻ,
ധനവകുപ്പ് ചുമതലയുള്ള
മുഖ്യമന്ത്രി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |