
ശ്രീകാര്യം (തിരുവനന്തപുരം): ശ്രീകാര്യം പാങ്ങപ്പാറയിൽ പ്രണയപ്പകയെത്തുടർന്ന് 17 കാരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികൾ നടത്തിയത് സിനിമാക്കഥകളെ വെല്ലുന്ന ആസൂത്രണം. മൂന്നാംപ്രതിയായ ആനന്ദയുടെ മൊബൈൽ ഫോൺ കാമുകനും ഒന്നാം പ്രതിയുമായ 17കാരൻ വാങ്ങി വീട്ടിൽ കൊണ്ടുപോയി രണ്ടു ദിവസംകൊണ്ടാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തത്. കൊല്ലപ്പെട്ട അഭിറാമിന് ആനന്ദയുടെ പേരിൽ മെസേജുകൾ അയച്ചുകൊണ്ടായിരുന്നു ആസൂത്രണം. 17 കാരൻ കൊലപ്പെടുത്താൻ ഉദ്ദേശിച്ച പൂർവ്വകാമുകിയുടെ പുതിയ കാമുകനെ അഭിറാമിനെക്കൊണ്ട് സ്നേഹത്തിൽ വിളിച്ചുവരുത്തുകയായിരുന്നു ലക്ഷ്യം.17 വയസുകാരനായ പുതിയ കാമുകനെ അഭിറാം വിളിച്ചെങ്കിലും അയാൾ വന്നില്ല. വീണ്ടുംവീണ്ടും വിളിക്കാൻ നിർബന്ധിച്ചെങ്കിലും അഭിറാം വഴങ്ങിയില്ല. തുടർന്നുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. കാപ്പകേസിലടക്കം പ്രതിയായ രണ്ടാംപ്രതി ഉമർ മുഫ്താർ (22) ആണ് കൊലപാതകം നടത്തിയതെന്ന സംശയവും നിലവിലുണ്ട്.
കൊലപാതകത്തിനു ശേഷം മൃതദേഹം ചാക്കിൽ കെട്ടി ആക്കുളം കായലിൽ തള്ളാനായിരുന്നു പദ്ധതി. വഴിയിൽ ആളുകളുണ്ടായിരുന്നതിനാൽ അതിനായില്ല. തുടർന്ന് സമീപത്തെ പുരയിടത്തിലെ മതിൽക്കെട്ട് പൊളിഞ്ഞ ഭാഗത്തെ കുഴിയിൽ ഇട്ട് കരിയിലകൊണ്ട് മൂടുകയായിരുന്നു. സംഭവത്തിൽ ശക്തമായ തെളിവുകളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.പാങ്ങപ്പാറയിൽ നിന്ന് അഭിറാമുമായി പ്രതി കൃത്യം നടന്ന സ്ഥലത്തേയ്ക്ക് പോകുന്ന സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
അന്വേഷണത്തിന് പ്രത്യേക സംഘം
സംഭവത്തിൽ കൂടുതൽ പേരുടെ പങ്കാളിത്തമടക്കം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി.കൃഷ്ണ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ മേൽനോട്ടത്തിലാണ് അന്വേഷണം. സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ, രണ്ട് സി.ഐമാർ എന്നിവരടക്കം 16 പേരടങ്ങുന്നതാണ് സംഘം.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒന്നാം പ്രതിയായ 17 കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി ഈ മാസം 10 വരെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി. രണ്ടാംപ്രതി കല്ലമ്പള്ളി പുതുവൽവീട്ടിൽ ഉമർ മുഫ്താർ (22) കാപ്പകേസിലടക്കം പ്രതിയാണ്. മണക്കാട് ശ്രീവരാഹം സ്വദേശിനി ആനന്ദയാണ് (18) മൂന്നാം പ്രതി. ഒന്നും രണ്ടുംപ്രതികളെ ഇന്നലെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ അഭിറാമിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടിലെത്തിച്ചശേഷം കഴക്കൂട്ടത്തെ ശ്മാശാനത്തിൽ സംസ്‌കരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |