SignIn
Kerala Kaumudi Online
Tuesday, 09 June 2026 1.28 AM IST

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി  47 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

dd
ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി. ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ 47പേരെ കൂട്ടത്തോടെ ചുമതലകൾ മാറ്റി സർക്കാരിന്റെ അസാധരണ ഉത്തരവ്. കഴിഞ്ഞയാഴ്ച 15 ഐ.എ.എസുകാരെ സ്ഥലം മാറ്റിയതിന് പിന്നാലെയാണിത്. ഇതോടെ മൂന്നാഴ്ച പിന്നിട്ട വി.ഡി.സതീശൻ സർക്കാർ ഭരണസംവിധാനം ആകെ ഉടച്ചുവാർക്കുന്നതിന് തുടക്കമിട്ടു.

ചീഫ് സെക്രട്ടറി കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും മുതിർന്ന ഐ.എ.എസ് ഒാഫീസറായ ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് കയർ വികസന,​ ഭവന,​ ജലവിഭവ വകുപ്പുകളുടെ അധിക ചുമതല നൽകി. കോസ്റ്റൽ ഷിപ്പിംഗ് ചുമതല ഒഴിവാക്കി. ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് ആസൂത്രണവകുപ്പ്, പ്ളാനിംഗ് ബോർഡ് സെക്രട്ടറി, നികുതി,റീബിൽഡ് കേരള എന്നിവയുടെ അധികചുമതലയും നൽകി.

ഡൽഹിയിൽ കേരളഹൗസിൽ റസിഡന്റ് കമ്മിഷണറായ അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാറിനെ മറ്റെല്ലാ അധികചുമതലകളിലും നിന്നും ഒഴിവാക്കി. ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായ ഡോ.രാജൻ ഗോബ്രഗഡെയെ സാംസ്കാരികം, ഭരണപരിഷ്കാരം,ഭരണഭാഷാപരിഷ്കരണം എന്നിവയിൽ നിന്ന് ഒഴിവാക്കി. ആയുഷ് വകുപ്പ് നിലനിറുത്തി. കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മിൻഹാജ് ആലത്തിനെ അഡിഷണൽ ചീഫ് സെക്രട്ടറിയായി ഉയർത്തി കൃഷി വകുപ്പിലേക്ക് സ്ഥലം മാറ്റി. വനം,മൃഗസംരക്ഷണ വകുപ്പിന്റെ അധിക ചുമതലയിൽ നിന്ന് ഒഴിവാക്കി. കായികം, യുവജനകാര്യം, മൃഗശാല എന്നിവയുടെ അധികചുമതലയും നൽകി.

പാർലമെന്ററി അഫയേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ.രാജുനാരായണ സ്വാമിയെ സൈനികക്ഷേമ വകുപ്പിലേക്ക് മാറ്റി.വനിതാ ശിശുക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ.ഷർമിള മേരി ജോസഫിനെ ആരോഗ്യകുടുംബ ക്ഷേമവകുപ്പിലേക്ക് മാറ്റി.ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ചുമതല നിലനിറുത്തി. മറ്റ് വകുപ്പുകളുടെ ചുമതലയിൽ നിന്ന് ഒഴിവാക്കി.

വയോജന ക്ഷേമ വകുപ്പ്

ചുമതല രത്തൻ കേൽക്കറിന്

തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കുബിസ്വാളിന് ഐ.എം.ജി.ഡയറക്ടർ ജനറലിന്റെ ചുമതല കൂടി നൽകി. കൃഷി വകുപ്പിൽ നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ഒാഫീസിൽ സെക്രട്ടറിയായ ഡോ.രത്തൻ യു.കേൽക്കറിന് കോസ്റ്റൽ ഷിപ്പിംഗ്, പി.ആർ.ഡി,​ വയോജനക്ഷേമം വകുപ്പുകളുടെ അധിക ചുമതല നൽകി. ജി.എ.ഡി സെക്രട്ടറിയായ കെ.ബിജുവിന് വനം,നൈപുണ്യവികസനം, എന്നിവയുടെ ചുമതല നൽകി.പൊതുമരാമത്ത് വകുപ്പിൽ നിന്ന് ഒഴിവാക്കി.

റവന്യു സെക്രട്ടറിയായ എം.ജി.രാജമാണിക്യത്തെ കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറും ആക്കി സ്ഥലംമാറ്റി. ഉൗർജവകുപ്പിന്റെയും പരിസ്ഥിതി, പാർലമെന്ററികാര്യം,ദേവസ്വം എന്നിവയുടെ അധിക ചുമതലയും നൽകി. തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി.അനുപമയെ ഗതാഗത സെക്രട്ടറിയാക്കി. വിമാനത്താവളം, മെട്രോ റെയിൽ, ഭരണപരിഷ്കാരം, ഔദ്യോഗികഭാഷ എന്നിവയുടെ അധികചുമതലയുണ്ട്.

ലാൻഡ് റവന്യു കമ്മിഷണർ കെ.ജീവൻ ബാബുവിനെ റവന്യു,​ ദുരന്തനിവാരണ സ്പെഷ്യൽ സെക്രട്ടറിയാക്കി. വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസറും റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ എം.ഡിയുമായ എസ്.സുഹാസിനെ ജലവിഭവ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാക്കി. എക്സൈസ് കമ്മിഷണർ ശ്രീറാം സാംബശിവ റാവുവിനെ പരിസ്ഥിതി വകുപ്പ്, സർവേ ഡയറക്ടർ ചുമതലകളിൽ നിന്നൊഴിവാക്കി. ഐ.ടി വകുപ്പിന്റെ അധികചുമതല തുടരും.

അദീല അബ്ദുള്ളയെ സാമൂഹ്യനീതി വകുപ്പിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാക്കി. തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്. ഷാനവാസിനെ തദ്ദേശ വകുപ്പിലേക്ക് മാറ്റി. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എം.ഡി, തലസ്ഥാന വികസന പ്രോജക്ട് സ്പെഷ്യൽ ഓഫീസർ, സോഷ്യൽ ഓഡിറ്റ് സൊസൈറ്റി അദ്ധ്യക്ഷൻ എന്നിവയുടെ അധികചുമതലകളുമുണ്ട്.

ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബി.അബ്ദുൾ നാസറിന് ഹാർബർ എൻജിനിയറിംഗ്, സാമൂഹ്യ നീതി വകുപ്പുകളുടെ അധിക ചുമതല നൽകി. സഹകരണ സംഘം രജിസ്ട്രാർ ഡി.സജിത് ബാബുവിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാക്കി. ന്യൂനപക്ഷ ക്ഷേമം, ആയുഷ് മിഷൻ തുടങ്ങിയ അധിക ചുമതലകളുമുണ്ട്. വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റി എം.ഡി കെ.ഗോപാലകൃഷ്ണനെ പരിസ്ഥിതി, കാലാവസ്ഥാ വ്യത്യയാന ഡയറക്ടറാക്കി. അനർട്ട് ഡയറക്ടർ, കാർഷിക വികസന ബാങ്ക് എം.ഡി തുടങ്ങിയ അധിക ചുമതലകളുമുണ്ട്.

പബ്ലിക് റിലേഷൻസ് വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി ടി.വി.സുഭാഷിനെ കൃഷി വകുപ്പിലേക്ക് മാറ്റി. ടൂറിസം ഡയറക്ടർ എം.അഞ്ജനയ്ക്ക് നോർക്ക, സാംസ്കാരികം, സയൻസ് ആൻഡ് ടെക്നോളജി വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറി ചുമതലകൾ അധികമായി നൽകി. ആരോഗ്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബാ ജോർജിനെ വനിതാ ശിശുക്ഷേമ വകുപ്പിലേക്ക് മാറ്റി. തൊഴിൽ, മൃഗസംരക്ഷണ വകുപ്പുകളുടെ അധിക ചുമതലയുമുണ്ട്. കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എച്ച്. ദിനേശനെ ലാൻഡ് റവന്യു കമ്മിഷണറാക്കി. ദുരന്ത നിവാരണ കമ്മിഷണറുടെ അധികചുമതലയുമുണ്ട്.

ജെറോമിക് ജോർജ്

വിഴിഞ്ഞം തുറമുഖ എം.ഡി

വിഴിഞ്ഞം തുറമുഖ കമ്പനി എം.ഡി ദിവ്യ എസ്.അയ്യരെ ആ സ്ഥാനത്ത് നിന്ന് മാറ്റി. സാംസ്കാരിക വകുപ്പ് ഡയറക്ടർ ചുമതലയിൽ നിന്നും മാറ്റി. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായാണ് പുതിയ നിയമനം. ഖരമാലിന്യ സംസ്കരണ പ്രോജക്ടിന്റെയും ആയുഷ് മിഷന്റെയും അധിക ചുമതലയും നൽകി. ഭക്ഷ്യസുരക്ഷാ കമ്മിഷണർ അഫ്സാന പർവീണിനെ കോളേജ് വിദ്യാഭ്യാസ ഡയറക്ടറാക്കി. എൻട്രൻസ് കമ്മിഷണറുടെ അധികചുമതലയുമുണ്ട്.

തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജിനെ ധനകാര്യ എക്സ്‌പെൻഡിച്ചർ വകുപ്പിൽ അഡി.സെക്രട്ടറിയാക്കി. വിഴിഞ്ഞം തുറമുഖ കമ്പനിയുടെ എം.ഡി, മാരിടൈം ബോർഡ് സി.ഇ.ഒ അധിക ചുമതലകളുമുണ്ട്. വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ വി.വിഘ്‌നേശ്വരിക്ക് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടറുടെ അധികചുമതല നൽകി. അവധി കഴിഞ്ഞെത്തിയ രേണു രാജിനെ ആരോഗ്യ വകുപ്പ് അഡി.സെക്രട്ടറിയാക്കി. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ, ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റി, ഹെൽത്ത് സിസ്റ്രംസ് റിസോഴ്സ് സെന്റർ എന്നിവയുടെ അധിക ചുമതലയുമുണ്ട്.

പൊതുമരാമത്ത് അഡിഷണൽ സെക്രട്ടറി എ.ഷിബുവിനെ റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. കില ഡയറക്ടറായ എൻ.ദേവിദാസിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ പൂർണ അധിക ചുമതല നൽകി. ലാന്റ് റവന്യു ജോയിന്റ് കമ്മിഷണർ വിനോദ് വി.ആറിനെ പൊതുമരാമത്ത് അഡിഷണൽ സെക്രട്ടറിയായി നിയമിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന ആസിഫ് കെ.യൂസഫ് നോർക്ക ഡയറക്ടറാകും. നോർക്ക റൂട്ട്സ് സി.ഇ.ഒയുടെ ചുമതലയും നൽകിയിട്ടുണ്ട്.

സ്‌നേഹിൽ കുമാർ പൊതു

വിദ്യാഭ്യാസ ഡയറക്ടർ

കോളജ് വിദ്യാഭ്യാസ ഡയറക്ടർ സ്‌നേഹിൽ കുമാർ സിംഗിനെ പൊതു വിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി പ്രേംകൃഷ്ണനാണ് സഹകരണ സംഘം രജിസ്ട്രാർ. കൾച്ചറൽ അഫയേഴ്സിന്റെ അധിക ചുമതല കൂടി നൽകി. ശ്രീധന്യ സുരേഷിനെ ടൂറിസം അഡിഷണൽ ഡയറക്ടർ സ്ഥാനത്തു നിന്നും മാറ്റി ഭക്ഷ്യ സുരക്ഷാ കമ്മിഷണറായി നിയമിച്ചു. ടൂറിസം അഡിഷണൽ ഡയറക്ടറുടെ അധിക ചുമതലയുമുണ്ട്.

ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി രാഹുൽ കൃഷ്ണ ശർമ്മയെ ജി.എസ്.ടി സ്‌പെഷ്യൽ കമ്മിഷണറായി നിയമിച്ചു. പദ്ധതി നടപ്പാക്കൽ, നിരീക്ഷണ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയും ഡയറക്ടറുമായ മുഹമ്മദ് ഷാഫിഖിനെ ജി.എസ്.ടി അഡിഷണൽ കമ്മിഷണറാക്കി. ലേബർ കമ്മിഷണറായ സഫ്നാ നസറുദ്ദീന് ലാന്റ് റവന്യു ജോയിന്റ് കമ്മിഷണറുടെ അധിക ചുമതല നൽകി.

റവന്യു അഡീഷണൽ സെക്രട്ടറി അനു എസ്.നായരെ നാഷണൽ ഹെൽത്ത് മിഷന്റെ സ്‌റ്റേറ്റ് മിഷൻ ഡയറക്ടറാക്കി. വയനാട് ടൗൺഷിപ്പ് പദ്ധതിയുടെ സി.ഒ.ഒ ആയിരുന്ന ഡോ.അരുൺ ജെ.ഒ ആണ് പുതിയ സർവേആന്റ് ലാന്റ് റെക്കോർഡ്സ് വകുപ്പ് ഡയറക്ടർ. വയനാട് ടൗൺഷിപ്പിന്റെ സ്‌പെഷ്യൽ ഓഫീസറുടെ അധിക ചുമതലയും നൽകി. ലാന്റ് ബോർഡ് സെക്രട്ടറിയായ സാബിൻ സമീദിന് പി.ആർ.ഡി ഡയറക്ടറുടെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡയറക്ടറുടേയും അധിക ചുമതല നൽകി.

പട്ടികജാതി, പട്ടിക വർഗ പിന്നാക്ക വികസന വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന മിസാൽ സാഗർ ഭരതിനെ കെ.എസ്.ടി.പിയുടെ പ്രോജക്ട് ഡയറക്ടറായി നിയമിച്ചു. വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടർ, കേരള സ്‌റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എം.ഡി എന്നീ അധിക ചുമതലകളും നൽകി. അനർട്ട് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ആയിരുന്ന ഹർഷിൽ ആർ.മീണയെ കേരള ടൂറിസം വികസന കോർപ്പറേഷൻ എം.ഡിയാക്കി. സ്മാർട്ട് സിറ്റി സി.ഇ.ഒയുടെ അധിക ചുമതലയും നൽകി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മിഷൻ ഡയറക്ടർ രഞ്ജിത് ഡിക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ ഡയറക്ടറുടെ അധിക ചുമതല കൂടി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: IAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA