
തിരുവനന്തപുരം: ഇന്ത്യയുടെ ഏറ്റവും പുതിയ ഗതിനിർണ്ണയ ഉപഗ്രഹമായ എൻ.വി.എസ്-03 ഭൂമിയിൽ നിന്ന് 35842.6കിലോമീറ്റർ ഉയരത്തിലുള്ള നിർദ്ദിഷ്ട ഭ്രമണപഥത്തിലെത്തി. മൊബൈൽ ഫോൺ അടക്കമുള്ള ഡിവൈസുകളിലേക്ക് നാവിഗേഷൻ, പൊസിഷനിംഗ് സേവനങ്ങൾ ലഭിക്കുന്നതിന് കാത്തിരിക്കേണ്ടിവരും.നിയമ,സാങ്കേതിക അനുമതികൾ ലഭിക്കേണ്ടതുണ്ട്. അതിന് മുമ്പായി ഉപഗ്രഹത്തിന്റെ ഒഫീഷ്യൽ കമ്മിഷനിംഗ് പൂർത്തിയാക്കണമെന്ന് ഐ.എസ്.ആർ.ഒ.അധികൃതർ അറിയിച്ചു.
നാവിഗേഷൻ വിത്ത് ഇൻഡ്യൻ കോൺസ്റ്റലേഷൻ എന്ന നാവിക് സേവനമാണ് രാജ്യത്തിന് ലഭിക്കുക. അമേരിക്കയുടെ ജി.പി.എസ്.സേവനത്തിന് സമാനമാണിത്.
നിലവിൽ നാവിക് സേവനത്തിനായി നാല് ഉപഗ്രഹങ്ങളാണുള്ളത്. ഭൂമിയിൽ ഗുവഹതി, അഹമ്മദാബാദ്,ഫരീദാബാദ്, ബംഗളൂരു, ഭുവനേശ്വർ എന്നിവിടങ്ങളിൽ അറ്റോമിക് ക്ളോക്ക് അനുബന്ധ സ്റ്റേഷനുകളുമുണ്ട്. രാജ്യത്തും അതിന് ചുറ്റുമുള്ള 1500കിലോമീറ്റർ പരിധിയിലും ഗതിനിർണ്ണയസേവനങ്ങൾ നൽകാൻ കഴിയുമെങ്കിലും അതിന്റെ വ്യാപ്തി കുറവായിരിക്കും.പൂർണ്ണമായ തരത്തിൽ സേവനങ്ങൾ നൽകുന്നതിന് ഇനിയും രണ്ട് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കേണ്ടതുണ്ട്. ഏതാനും മാസങ്ങൾക്കകം എൻ.വി.എസ്. 04, എൻ.വി.എസ്. 05 ഉപഗ്രഹങ്ങളും വിക്ഷേപിക്കും. അതുവരെ നാവിക് സേവനങ്ങൾ പരിമിതമായിരിക്കും. ഈ സാഹചര്യത്തിലാണ് സേവനങ്ങൾ തുടങ്ങുന്നതിന് മുമ്പ് കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തുന്നത്.
ഇന്ത്യയിൽ ഉപയോഗിക്കപ്പെടുന്ന ആപ്പിൾ,സംസങ്,സിയോമി,ഓപ്പോ,റിയൽമി,വൺ പ്ളസ്,വിവോ തുടങ്ങിയ മൊബൈൽ ഫോണുകളിൽ നാവിക് ലഭിക്കുന്നതിനുള്ള ഹാർഡ് വെയർ പിന്തുണയുണ്ട്.
ഒക്ടോബർ 30നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ജി.എസ്.എൽ.വി. എഫ്. 18 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |