
ശിവഗിരി: ശ്രീനാരായണഗുരുദേവൻ്റെ 99-ാമത് മഹാപരിനിർവാണദിനാചരണം ശിവഗിരി മഠത്തിൻ്റെ നേതൃത്വത്തിൽ നാളെ ഭക്തിനിർഭരമായ ചടങ്ങുകളോടെ ശിവഗിരിയിൽ നടക്കും.
രാവിലെ 10ന് മഹാപരിനിർവാണസമ്മേളനവും മഹാപരി നിർവാണശതാബ്ദിയാചരണസമാരംഭവും മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനാകും. കൃഷിമന്ത്രി ടി.സിദ്ദിഖ് വിശിഷ്ടാതിഥിയാകും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി വിരജാനന്ദഗിരി, അഡ്വ.വി.ജോയ് എം.എൽ.എ, അഡ്വ.വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ, വർക്കല നഗരസഭ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.
11.30ന് പള്ളാത്തുരുത്തി ഗുരുദേവമഹാസന്ദേശശതാബ്ദി സമ്മേളനം മന്ത്രി ഒ.ജെ.ജനീഷ് ഉദ്ഘാടനം ചെയ്യും.സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനാകും. സ്വാമി അസംഗാനന്ദഗിരി, സ്വാമി ത്യാഗീശ്വര, ഡോ.പി ചന്ദ്രമോഹൻ, ബി. ജയപ്രകാശൻ കല്ലമ്പലം, അനിതാ ശങ്കർ, സ്വാമി ശിവനാരായണതീർത്ഥ തുടങ്ങിയവർ സംസാരിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് സ്വാമി സച്ചിദാനന്ദയുടെ ഗുരുധർമ്മ പ്രബോധനം. 2.30ന് ശാരദാമഠത്തിൽ ഹോമയജ്ഞം. 3ന് ശാരദാമഠത്തിൽ നിന്നും വൈദിക മഠം, ബോധാനന്ദ സ്വാമി സമാധിപീഠം വഴി മഹാസമാധി സന്നിധിയിലേക്ക് കലശപ്രദക്ഷിണ യാത്ര നടത്തും. 3.30ന് മഹാസമാധിപൂജ. കലശാഭിഷേകം, സമൂഹാർച്ചന, സമൂഹപ്രാർത്ഥന, ഉപവാസയജ്ഞസമാപനം എന്നിവയുണ്ടാകും. 4 മണി മുതൽ മഹാപ്രസാദവിതരണം.
രാവിലെ 5ന് വിശേഷാൽപൂജ, ഹവനം, പാരായണം. 6ന് മഹാസമാധിയിൽ തിരുവവതാര മുഹൂർത്തപൂജ. 8ന് വൈദിക മഠത്തിൽ അഹണ്ഡനാമജപയജ്ഞം, ഉപവാസയജ്ഞം എന്നിവയും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |