തിരുവനന്തപുരം: ഭരണപരമായ വീഴ്ചകളോ നടപടിക്രമങ്ങളോ ഓഡിറ്റ് ചെയ്യുന്നതിന് പകരം, സർക്കാരിന്റെ നയപരമായ തീരുമാനങ്ങളെ സി.എ.ജി ചോദ്യം ചെയ്യുന്നതായി മുഖ്യമന്ത്രി വി.ഡി.സതീശൻ. സാമ്പത്തികമേൽനോട്ടം എന്ന പരമ്പരാഗതചുമതലയിൽ നിന്നുള്ള വഴുതിമാറലാണിത്. പി.എ.സി അഖിലേന്ത്യാകോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ടുജി സ്‌പെക്ട്രം, വിഴിഞ്ഞംപോർട്ട് എന്നിവയെക്കുറിച്ച് സി.എ.ജി ഓഡിറ്റ് റിപ്പോർട്ടുകളിലെ കണ്ടെത്തലുകൾ ഉദാഹരണമാണ്. ടുജി സ്‌പെക്ട്രത്തിൽ 1.76ലക്ഷം കോടി രൂപയുടെ നഷ്ടമെന്നത് യഥാർത്ഥത്തിലുളളതല്ല, അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള സി.എ.ജി പരാമർശം പൊതു,സ്വകാര്യ പങ്കാളിത്ത മാതൃകകളെ വിലയിരുത്തുന്നതിലെ അടിസ്ഥാനസമീപനവുമായി ബന്ധപ്പെട്ടതാണ്. പൊതുമേഖലാഓഡിറ്റ് തത്വങ്ങൾ അതേപടി പി.പി.പിയിൽ ബാധകമാക്കിയതോടെ വിഴിഞ്ഞംപദ്ധതിയുടെ നിയമപരവും സാമ്പത്തികവുമായ ഘടന തെറ്റായി ചിത്രീകരിക്കപ്പെട്ടു. വിഴിഞ്ഞത്തെ പൊതുമേഖലാസ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനെ ജുഡീഷ്യൽ കമ്മിഷൻ എതിർത്തിരുന്നു. ഭരണഘടനാപരമായ ഓഡിറ്റിന്റെ പരിധിക്ക് പുറത്തുളള കണ്ടെത്തലുകളെ പി.എ.സി എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ചിന്തിക്കണം.
മുൻ സർക്കാർ നിയമസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് പി.എ.സി.യുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കി. 2021 ജനുവരിയിൽ കേട്ടുകേൾവിയില്ലാത്ത നടപടിക്രമത്തിലൂടെയാണ് കിഫ്ബി ഓഡിറ്റ് കണ്ടെത്തലുകളെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പരിശോധനയിൽ നിന്ന് നിയമസഭ ഒഴിവാക്കിയത്. സി.എ.ജി റിപ്പോർട്ടിലെ നിർണായകനിരീക്ഷണങ്ങളെ തള്ളിക്കളയുന്ന പ്രമേയം നിയമസഭ പാസാക്കി. സാധാരണ നടപടിക്രമങ്ങൾഅനുസരിച്ച്, സി.എ.ജി റിപ്പോർട്ട് സഭയുടെ മേശപ്പുറത്തുവെച്ചാൽ, വിശദപരിശോധനയ്ക്കായി സ്വയം പി.എ.സിക്ക് വിടേണ്ടതാണ്. നിയമസഭ ഇതിനെ തടസ്സപ്പെടുത്തുകയായിരുന്നു. ഭൂരിപക്ഷമുണ്ടെന്ന് കരുതി ഭരണഘടനാപരമായി സമർപ്പിച്ച സി.എ.ജി റിപ്പോർട്ട് തള്ളിക്കളയാൻ നിയമസഭയ്ക്ക് അധികാരമില്ലെന്നും സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |