
തിരുവനന്തപുരം:ലബോറട്ടറികളുടെ പരിശോധന, കാലിബ്രേഷൻ എന്നിവയുടെ കാര്യക്ഷമതയ്ക്കുള്ള പൊതുമാനദണ്ഡങ്ങൾ പാലിച്ചതിന് ടെക്നോപാർക്കിലെ എൻജിനിയറിംഗ് ലബോറട്ടറിക്ക് ദേശീയ അംഗീകാരം. നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബറേഷൻ ലബോറട്ടറീസിന്റെ (എൻഎബിഎൽ) അംഗീകാരമാണ് ലഭിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു ഐ.ടി.പാർക്കിന് ഇൗ ബഹുമതി കിട്ടുന്നത്.
ഐ.എസ്.ഒ/ഐ.ഇ.സി 17025:2017 സർട്ടിഫിക്കേഷൻ മുദ്ര അടക്കമാണ് അംഗീകാരം. കഴിഞ്ഞ വർഷമാണ് ടെക്‌നോപാർക്ക് ഫേസ് വൺ കാമ്പസിൽ സിവിൽ, ഇലക്ട്രിക്കൽ എൻജിനീയറിംഗ് ലബോറട്ടറികൾ ആരംഭിച്ചത്. ഇന്ത്യൻ സ്റ്റാൻഡേർഡ്സ് മാനദണ്ഡങ്ങൾക്കനുസൃതമായി കൃത്യസമയത്ത് പരിശോധനാഫലങ്ങൾ ലഭ്യമാക്കത്തക്ക വിധത്തിലാണ് പ്രവർത്തനം. ടെക്‌നോപാർക്കിലെയും പരിസരങ്ങളിലെയും ഡെവലപ്പർമാർക്കും കമ്പനികൾക്കും നിർമ്മാണസാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സൗകര്യമുണ്ട്.കോൺക്രീറ്റ് അടക്കമുള്ള നിർമ്മാണസാമഗ്രികൾ പരിശോധിക്കുന്നതിനും, ഇലക്ട്രിക്കൽ ലാബിൽ എൽ.ഇ.ഡി ഫിക്ചറുകൾ, ഡ്രൈവറുകൾ എന്നിവ നന്നാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇത് ഇമാലിന്യം കുറയ്ക്കാനും സാമ്പത്തികലാഭത്തിനും വഴിയൊരുക്കും.
അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (സിവിൽ) രാഹുൽ തമ്പിക്കാണ് ലബോറട്ടറിയുടെ മേൽനോട്ടം. പഴയകാല സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്ന അപൂർവ്വ യന്ത്രസാമഗ്രികളുടെ പ്രദർശനവും ലബോറട്ടറിയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |