
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കാട്ടുന്ന മൃദു സമീപനത്തിൽ കോൺഗ്രസിലെ അമർഷം ആളുന്നു. പിണറായി വിജയനെ എക്കാലത്തും വെല്ലുവിളിക്കുന്ന മുതിർന്ന നേതാവ് കെ. സുധാകരന്റെ ഇടപെടൽ അസംതൃപ്തർക്ക് കൂടുതൽ കരുത്തായി. വരും ദിവസങ്ങളിൽ അസംതൃപ്തി അണപൊട്ടലാവാം.
ആക്ഷേപത്തിന് തിരികൊളുത്തിയ മാത്യു കുഴൽനാടൻ എം.എൽ.എ ഇന്നലെ വൈകാരിക ഭാവവും നൽകി. 'നേരിയ പുഞ്ചിരിയോടെ ഉമ്മൻചാണ്ടി സാർ ശിവരാജൻ കമ്മിഷന്റെ മുന്നിലിരിക്കുന്ന ചിത്രം ഇന്ന് കാണുമ്പോഴും വേദനയുണ്ടാക്കും. ഒരു തെറ്റും ചെയ്യാത്ത മനുഷ്യനെ ലോകത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ഇങ്ങനെ വിചാരണ ചെയ്തത് ഞങ്ങൾക്ക് ഉൾക്കൊള്ളാൻ ആയിട്ടില്ല'. ഇന്നലെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഇങ്ങനെയാണ് കുഴൽനാടൻ തുറന്നടിച്ചത്.
ഈ വാക്കുകൾ ഉമ്മൻചാണ്ടി ആരാധകരുടെ മനസിനേല്പിക്കുന്ന മുറിവിന്റെ ആഴം കുഴൽനാടന് നന്നായി അറിയാം. കേസുമായി ബന്ധപ്പെട്ട് സർക്കാർ നടപടിയിൽ വ്യക്തത വരുത്തണമെന്നാണ് ചാണ്ടിഉമ്മൻ പ്രതികരിച്ചത്. കുഴൽനാടനും സുധാകരനും പറഞ്ഞത് താനടക്കമുള്ള കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നു കൂടി ചാണ്ടി ഉമ്മൻ പറഞ്ഞതോടെ കാര്യം വ്യക്തമായി.
ആണുങ്ങളുടെ സർക്കാരാണ് ഇവിടെയുള്ളതെങ്കിൽ യുക്തമായ നടപടി സ്വീകരിക്കുമെന്ന സുധാകരന്റെ വാക്കുകൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. കുഴൽനാടനെ ഒറ്റപ്പെടുത്താൻ നോക്കേണ്ടെന്നും സംരക്ഷിക്കാൻ ഞങ്ങളൊക്കെയുണ്ടെന്നും അർത്ഥശങ്കയ്ക്കിടിയില്ലാത്തവിധം സുധാകരൻ പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷം പിണറായിക്കെതിരെ നടത്തിയ തുടർച്ചയായ പോരാട്ടത്തിന്റെകൂടി ഫലമാണ് യു.ഡി.എഫിന് കിട്ടിയ അധികാരമെന്നാണ് ഉമ്മൻചാണ്ടി അനുകൂലികൾ ചൂണ്ടിക്കാട്ടുന്നത്. അന്നത്തെ ശൗര്യത്തിന് ഇപ്പോഴെന്തു സംഭവിച്ചു എന്നാണ് അവരുടെ ചോദ്യം.
ചെറിയ അഭിപ്രായ വ്യത്യാസം മാത്രമാണ് പാർലമെന്ററി പാർട്ടി യോഗത്തിലുണ്ടായതെന്ന് ഉത്തരവാദപ്പെട്ട നേതാക്കൾ പറയുമ്പോഴും കുഴൽനാടന്റെ വികാര പ്രകടനവും എം.എം. നസീർ അദ്ദേഹത്തെ പിന്തുണച്ചതും ജ്യോതികുമാർചാമക്കാലയും അൻവർ സാദത്തും കുഴൽനാടനെ ശക്തമായി എതിർത്തതുമെല്ലാം അണികൾ ശ്രദ്ധിക്കുന്നുണ്ട്. കെ.പി .സി.സി പ്രസിഡന്റോ,മുഖ്യമന്ത്രിയോ ഇതേക്കുറിച്ച് കാര്യമായ പ്രതികരണം നടത്തിയിട്ടില്ല. കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തിമേരി വർഗീസ് ചുമതലക്കാരിയായ കെ.പി.സി.സി മീഡിയ സെൽ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഉമ്മൻചാണ്ടി പക്ഷക്കാരും മറുവിഭാഗവും ചേരിതിരിഞ്ഞ് പോരടിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |