തിരുവനന്തപുരം: അദ്ധ്യാപകരുടെ കെ- ടെറ്റ് യോഗ്യതയിൽ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. 2010 ഓഗസ്റ്റ് 23നും 2025 സെപ്തംബർ ഒന്നിനുമിടയിൽ സർവീസിൽ പ്രവേശിച്ച അദ്ധ്യാപകർക്ക് ഇളവുതേടി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. നിശ്ചിത സമയത്തിനുള്ളിൽ ടെറ്റ് പരീക്ഷ പാസാകാത്ത അദ്ധ്യാപകരെ ജോലിയിൽ നിന്ന് പെട്ടെന്ന് പിരിച്ചുവിടരുതെന്ന് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് ജനറലിന്റെ നിർദ്ദേശപ്രകാരം അഭിഭാഷകൻ പി എസ് സുൽഫീഖർ അലിയാണ് സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.
2010 ഓഗസ്റ്റ് 23നും 2025 സെപ്തംബർ ഒന്നിനും ഇടയിൽ സർവീസിൽ പ്രവേശിച്ച് തുടർച്ചയായി സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് ടെറ്റ് യോഗ്യത നേടുന്നതിനായി ഒരു വർഷത്തെ കാലാവധി കൂടി നീട്ടി നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം. നിശ്ചിത സമയത്തിനകം യോഗ്യത നേടാൻ സാധിക്കാത്ത അദ്ധ്യാപകരെ പെട്ടെന്ന് പിരിച്ചുവിടുന്നതിന് പകരം അവർക്ക് നിർബന്ധിത വിരമിക്കൽ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. തുടർന്ന് യോഗ്യത നേടുന്നതിനായി കോടതി ഒരു വർഷത്തെ കാലാവധി അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ഉത്തരവിൽ കൂടുതൽ ഭേദഗതിയും വ്യക്തതയും ആവശ്യപ്പെട്ടാണ് സർക്കാർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
നേരത്തെ സമാനമായ ഒരു കേസിൽ ജമ്മു കാശ്മീരിലെ അദ്ധ്യാപകർക്ക് സുപ്രീംകോടതി ചെറിയ ഇളവ് അനുവദിച്ചിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് കേരളവും ഇളവിനായി ഹർജി സമർപ്പിച്ചിരിക്കുന്നത്. നിലവിലെ ടെറ്റ് ഉത്തരവ് പൂർണമായും അതേപടി നടപ്പിലാക്കിയാൽ കേരളത്തിലെ വിദ്യാഭ്യാസ മേഖല വലിയ പ്രതിസന്ധിയിലാകുമെന്നും ആയിരക്കണക്കിന് അദ്ധ്യാപകരെ അത് ബാധിക്കുമെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
The Kerala government approached the Supreme Court seeking K-TET qualification exemption for teachers who joined service between August 2010 and September 2025. The plea requests a one-year extension to acquire the qualification and compulsory retirement over immediate dismissal for non-compliant teachers, citing a potential education sector crisis.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |