
ശ്രീകാര്യം: നാടിനെ നടുക്കിയ ക്രൂരകൃത്യത്തിനിരയായി ജീവൻ നഷ്ടമായ അഭിറാമിന് ഉറ്റവരുടെയും സുഹൃത്തുക്കളുടെയും യാത്രാമൊഴി. അഭിറാമിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോൾ ഹൃദയഭേദകമായ രംഗങ്ങളായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ രാവിലെയാണ് മൃതദേഹം പാങ്ങപ്പാറ സംഗീത് നഗറിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. മൃതദേഹത്തിനരികിലേക്ക് എത്തവെ 'എടാ മോനെ ഞാൻ നിന്റെ അമ്മയാടാ, കണ്ണുതുറക്കട പൊന്നെ, ഞാനൊന്നു കണ്ടോട്ടെ" എന്ന് വാവിട്ട് നിലവിളിക്കുകയായിരുന്നു അഭിറാമിന്റെ അമ്മ ധർമ്മജ. മകന്റെ ചേതനയറ്റ ശരീരം കണ്ട് അമ്മ കുഴഞ്ഞുവീഴുകയും ചെയ്തു. അഭിറാമിനെ ഏറെ സ്‌നേഹിച്ചിരുന്ന പ്രിയപ്പെട്ടവരുടെ വിതുമ്പലുകളും നിലവിളികളും എല്ലാവരെയും വിഷമിപ്പിച്ചു.
അനുജന്റെ ചേതനയറ്റ ശരീരത്തിൽ കെട്ടിപ്പിടിച്ച് ആർത്തലച്ചുകരയുകയായിരുന്നു അഭിറാമിന്റെ ചേച്ചി ആര്യ. ഒന്നിച്ച് പഠിച്ച കൂട്ടുകാർക്ക് തങ്ങളുടെ പ്രിയ കൂട്ടുകാരൻ ഇനിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനായില്ല. അവസാനമായി ഒരുനോക്ക് കാണാനെത്തിയ പല സുഹൃത്തുക്കളും കരഞ്ഞുതളർന്നു.
നൂറുകണക്കിന് ആളുകളാണ് അഭിറാമിന്റെ വീട്ടിലെത്തിയത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി വിനോയ് വിശ്വം, മുൻ എം.പി പന്ന്യൻ രവീന്ദ്രൻ,വി.മുരളീധരൻ എം.എൽ.എ,മേയർ വി.വി.രാജേഷ്,മുൻ മന്ത്രി വി.ശിവൻകുട്ടി,മുൻ എൽ.എൽ.എ വി.കെ. പ്രശാന്ത്, കൗൺസിലർമാർ, മറ്റ് രാഷ്ട്രിയ സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തിയിരുന്നു. അന്തിമോപചാരങ്ങൾക്ക് ശേഷം ഉച്ചക്ക് 12ഓടെ കഴക്കൂട്ടം ശാന്തിതീരത്തായിരുന്നു സംസ്‌കാരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |