
ന്യൂഡൽഹി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ 10 വിദ്യാർത്ഥികൾക്ക് സെമസ്റ്റർ പരീക്ഷയെഴുതാൻ കഴിയുമോയെന്നതിൽ ഇന്നത്തെ സുപ്രീംകോടതി നിലപാട് നിർണായകം. ആഗസ്റ്റ് 13ന് ക്യാമ്പസിലുണ്ടായ സമരവുമായി ബന്ധപ്പെട്ട് വി.സി സിസാ തോമസിന്റെ പ്രതീകാത്മക ശവസംസ്‌കാരം നടത്തി, അതിക്രമം കാട്ടി തുടങ്ങിയ ആരോപണങ്ങളിൽ സസ്‌പെൻഡ് ചെയ്യപ്പെട്ടവരാണിവർ. എം.എസ്.ഡബ്ല്യു, എം.എഫ്.എ, എം.എ, നാലുവർഷ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാം തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്ന അവരുടെ സെമസ്റ്റർ പരീക്ഷ ഇന്നലെ ആരംഭിച്ചിരുന്നു. ഇത് വിദ്യാർത്ഥികളുടെ അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ ഇന്നലെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് വിഷയം ഇന്ന് പരിഗണിക്കുന്നത്. കോടതിയെ വാദമുഖങ്ങൾ ബോദ്ധ്യപ്പെടുത്തുന്നതിൽ വിജയിച്ചാൽ ഈ വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താൻ ഉത്തരവിടുമെന്നും സൂചന നൽകിയിട്ടുണ്ട്. അതേസമയം പരീക്ഷയെഴുതാൻ കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നെങ്കിലും ഡിവിഷൻ ബെഞ്ച് ആ നടപടി റദ്ദാക്കിയിരുന്നു. സംസ്‌കൃത സർവകലാശാലയുടെ ഹർജിയിലായിരുന്നു ഉത്തരവ്. ഇതിനാലാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ തങ്ങളുടെ ഭാഗം കൂടി കേട്ട ശേഷമേ തീരുമാനമെടുക്കാൻ പാടുള്ളുവെന്നാവശ്യപ്പെട്ട്
സർവകലാശാല രജിസ്ട്രാറും തടസ ഹർജി നൽകിയിട്ടുണ്ട്.
നിരഹാരസമരം നാലാം ദിവസത്തിലേക്ക്
സസ്‌പെൻഷനിലുള്ള പി.എം. അശ്വന്ത്, കെ.വി. അഭിജിത്ത്, പി.എസ്. അർച്ചന എന്നിവരുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. സി.പി.എം നേതാവ് പി. ജയരാജൻ ഇന്നലെ വൈകിട്ട് സമരപ്പന്തൽ സന്ദർശിച്ചു. സെപ്‌തംബർ ഒന്നിന് 16 പേരെയാണ് സർവകലാശാല സസ്‌പെൻഡ് ചെയ്‌തത്. ഇതിൽ ആറു പേർ പി.എച്ച്.ഡി ഗവേഷണ വിദ്യാർത്ഥികളാണ്. അവരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സംഭവദിവസം രജിസ്റ്റർ ചെയ്‌ത കേസിൽ വി.സിയുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്ന് പറഞ്ഞിട്ടില്ലെന്നാണ് വിദ്യാർത്ഥികളുടെ വാദം. രണ്ടുദിവസം കഴിഞ്ഞ് വി.സി നൽകിയ പരാതിയിലാണ് ഇക്കാര്യം ആദ്യം ആരോപിക്കുന്നതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഗുരുതരവകുപ്പുകൾ ചുമത്തി രണ്ടാമതൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തതെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |