SignIn
Kerala Kaumudi Online
Tuesday, 09 June 2026 3.09 AM IST

നാടോടിക്കാറ്റിലെ വർഗീസിൽ നിന്ന് മേപ്പടിയാനിലെ ജേക്കബ് വരെ

READ ENGLISH VERSION
kundara-johny

തിരുവനന്തപുരം: ഒരിക്കൽ സുഖമില്ലാഞ്ഞിട്ട്, ഭാര്യ സ്റ്റേല്ലയ്‌ക്കൊപ്പം കുണ്ടറ ജോണി കൊല്ലത്തെ ആശുപത്രിയിൽ പോയി. രോഗ വിവരം പറയുമ്പോഴും ഡോക്ടർ ചിരിയോടു ചിരി. കാര്യം തിരക്കിയപ്പോൾ 'നാടോടിക്കാറ്റിലെ തിലകനും ജോണിയും തമ്മിലുള്ള സീനോർത്തു പോയി" എന്നായിരുന്നു ഡോക്ടറുടെ മറുപടി.

ചെയ്തതേറെയും വില്ലൻ വേഷങ്ങളാണെങ്കിലും നാടോടിക്കാറ്റ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ഗോഡ് ഫാദർ തുടങ്ങി ചുരുക്കം സിനിമകളിലെ കോമഡി വേഷങ്ങളായിരുന്നു. നാടോടിക്കാറ്റിലെ തിലകനൊപ്പമുള്ള ജോണിയുടെ വർഗീസെന്ന മണ്ടൻ വില്ലൻ ഇന്നും മലയാളികളെ ചിരിപ്പിക്കുകയാണ്. ഇതു സംബന്ധിച്ച ട്രോളുകളും നിരവധി.

44 വർഷത്തിനിടെ 517 സിനിമകളിൽ വേഷമിട്ടു. 1979ൽ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തുന്നത്. ബിരുദം കഴിഞ്ഞ് പാരലൽ കോളേജിലെ കണക്ക് അദ്ധ്യാപകനായും സെയിൽസ് എക്‌സിക്യുട്ടീവായുമൊക്കെ ജോലിനോക്കുമ്പോഴാണ് കൂട്ടുകാരന്റെ അച്ഛൻ നിത്യവസന്തം സിനിമ നിർമ്മിച്ചത്. ശശികുമാർ ആയിരുന്നു സംവിധാനം. അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചപ്പോൾ മദ്രാസിലെത്താൻ പറഞ്ഞു. ജോലിക്കെത്തുന്ന നായകൻ വിൻസെന്റിനെ ഇന്റർവ്യൂ ചെയ്യുന്ന കമ്പനി എം.ഡിയുടെ വേഷമാണ് ചെയ്തത്. ഒരു മോഹത്തിന്റെ പേരിൽ സിനിമയിൽ മുഖം കാണിക്കാൻ പോയ ജോണി മൂന്നു സിനിമകളിൽ അഭിനയിച്ചശേഷമാണ് മടങ്ങിയത്. അധികം വൈകാതെ അന്നത്തെ നമ്പർവൺ നായിക ഷീലയുടെ നായകനുമായി.

ശരീര ഘടനയിലുള്ള പ്രത്യേകത കൊണ്ടാകാം കിട്ടിയതിലധികവും ഗുണ്ടാവേഷങ്ങളായിരുന്നു. കിരീടം, ചെങ്കോൽ, സാഗരം സാക്ഷി, നാടോടിക്കാറ്റ് തുടങ്ങിയ ചിത്രങ്ങളിൽ മാത്രമാണ് അല്പമെങ്കിലും അഭിനയപ്രാധാന്യമുള്ള വേഷം അദ്ദേഹത്തിന് ലഭിച്ചത്. മേപ്പടിയിനായിരുന്നു അവസാന സിനിമ.

 തരംഗമായി നമ്പ്യാരും ശിങ്കിടികളും

സത്യൻ അന്തിക്കാടിന്റെ 'നാടോടിക്കാറ്റ്" സിനിമയ്‌ക്കൊപ്പം വില്ലനായ അനന്തൻ നമ്പ്യാരും കൂട്ടാളികളും ഹിറ്റായി. തിലകന്റെ നമ്പ്യാർ കഥാപാത്രത്തിന്റെ വിശ്വസ്തരായ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു കുണ്ടറ ജോണിയും കൊല്ലം അജിത്തും അവതരിപ്പിച്ച കഥാപാത്രങ്ങൾ.
മദ്രാസിലെ സിനിമാക്കാരുടെ പറുദീസയായ ആർ.കെ ലോഡ്ജിലെ 44ാം നമ്പർ മുറിയിലായിരുന്നു ജോണിയുടെ താമസം. തൊട്ടടുത്ത മുറിയിൽ ചിരഞ്ജീവിയും. വർഷം 22 സിനിമകൾ വരെ അഭിനയിച്ചു. ഐ.വി. ശശിയുടെ മിക്കവാറും സിനിമയിൽ ജോണിയുണ്ടായിരുന്നു. കിരീടത്തിലെ വില്ലൻ പരമേശ്വരനെ അവതരിപ്പിച്ചതോടെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലേക്കും അവസരങ്ങൾ വന്നു. പക്ഷേ ചില വില്ലൻ വേഷങ്ങൾ അദ്ദേഹം ഓർക്കാനെ ആഗ്രഹിച്ചില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KUNDARA JOHNY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA