SignIn
Kerala Kaumudi Online
Thursday, 15 October 2026 1.36 AM IST

സമ്പന്നകുമാരന്റെ ക്രൂരത കണ്ടെത്താൻ എസ്.ഐ.ടി, പ്രതികൾ നാലും പൊലീസ് കസ്റ്റഡിയിൽ

READ ENGLISH VERSION
suhail

കൊച്ചി: ആഡംബര കാറിടിച്ച് മൂന്ന് വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ സമ്പന്നകുമാരനെ രക്ഷിക്കാൻ പൊലീസുൾപ്പെടെ ഇടപെട്ടെന്ന ആക്ഷേപം ശക്തമായതോടെ, മുഖം രക്ഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

കേസിലെ വീഴ്ചകൾ കേരളകൗമുദി മുഖ്യവാർത്തയാക്കിയതിന് പിന്നാലെയാണ് ഇടപെടൽ. ആലുവ ഡിവൈ.എസ്.പി പി.പി. ബൈജു പൗലോസാണ് പ്രത്യേക അന്വേഷണ സംഘത്തലവൻ. ആലുവ റൂറൽ എസ്.പി കെ.എസ്. സുദർശൻ മേൽനോട്ടം വഹിക്കും.

പൊലീസിന് വീഴ്ചയുണ്ടായെന്നും പ്രതിയെ സംഭവസ്ഥലത്തു നിന്ന് പിടികൂടി ഏൽപ്പിച്ചിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസമുണ്ടായെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ തുറന്നടിച്ചു. പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി മരിച്ചവരുടെ കുടുംബങ്ങളടക്കം രംഗത്തുവന്നിരുന്നു.

കസ്റ്റഡിയിൽ ലഭിച്ച ഒന്നാം പ്രതി ആലപ്പുഴ ആലിശേരി നൂഹ്‌മൻസിലിൽ സുഹൈൽ സജീവിനെയും കൂട്ടുപ്രതികളായ നിനവ്, ജോയൽ എസ്. ആന്റോ, അമീൻ ഷാ എന്നിവരെയും ഇന്നലെ ചോദ്യം ചെയ്തു. അങ്കമാലി മജിസ്‌ട്രേട്ട് കോടതി ഇന്ന് വൈകിട്ട് അഞ്ചു വരെയാണ് കസ്റ്റഡിയിൽ വിട്ടത്.

അപകട സ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുക്കും. മദ്യപിച്ച ബാറുകളിലും പരിശോധന നടത്തും. 19 വയസുകാർക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സുഹൈൽ മദ്യത്തിനു പുറമേ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.

വേഗത കണ്ടെത്താൻ പരിശോധന
അപകടസമയത്തെ വേഗത കണ്ടെത്താൻ വിദഗ്ദ്ധരെ എത്തിച്ച് മിനികൂപ്പർ കാറിലെ ഇവന്റ് ഡാറ്റാ റെക്കാർഡർ (ഇ.ഡി.ആർ) പരിശോധിച്ചു. മിനികൂപ്പറിലെ ഇ.ഡി.ആർ, ഇ.സി.യു സംവിധാനങ്ങളിൽ വേഗതയും യാത്രാവിവരങ്ങളും കൃത്യമായി രേഖപ്പെടുത്തും. പ്രത്യേക ടൂളുകൾ ഉപയോഗിച്ച് ഡേറ്റ വീണ്ടെടുക്കാനാകും. 220 കി.മീറ്റർ വേഗതയിൽ വാഹനമോടിച്ച ദൃശ്യങ്ങൾ പ്രതി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അപകട സമയത്ത് കാർ ഓടിച്ചത് 100-140 കിലോമീറ്റർ വേഗത്തിലായിരുന്നെന്നാണ് സുഹൈലിന്റെ മൊഴി.

പ്രതികളെ എത്തിച്ചത്

ഇടറോഡ് വഴി

പ്രതിഷേധം ഭയന്ന് പ്രതികളെ അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിൽ എത്തിച്ചത് ഇടറോഡിലൂടെയാണ്. കനത്ത പൊലീസ് വലയത്തിലായിരുന്നു കോടതി പരിസരം. കാക്കനാട് ബോസ്റ്റൽ സ്‌കൂളിൽ നിന്ന് രാവിലെ 11.30ന് ട്രാവലറിലാണ് പ്രതികളെ എത്തിച്ചത്. മുടി പറ്റെ വെട്ടിയിട്ടുണ്ടായിരുന്നു. അപകടത്തിൽ മരിച്ചവർക്കും സ്വപ്നങ്ങൾ ഉണ്ടായിരുന്നെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതി മദ്യപിച്ച് വാഹനമോടിച്ചതാണ് അപകട കാരണം. പ്രതികൾക്ക് ഇതിന്റെ ഭവിഷ്യത്ത് ബോദ്ധ്യമുണ്ടായിരുന്നു. പ്രായം കുറവാണെന്ന വാദത്തെയും പ്രോസിക്യൂഷൻ എതിർത്തു. സ്‌കൂട്ടറിൽ മൂന്ന് പേരുണ്ടായിരുന്നെന്നും ആരും ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും അതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതെന്നും പ്രതിഭാഗം വാദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINI COOPER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA