
കോട്ടയം:ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ചങ്ങനാശേരി എസ്.ബി കോളേജിന് സമീപം
കരിങ്ങടയിൽ സാജു(64), ഭാര്യ അനു(59), മകൻ സവിൻ(33) എന്നിവരാണ് മരിച്ചത്. സാജുവിനെയും അനുവിനെയും കിടപ്പുമുറിയിലും, സവിനെ സ്റ്റോർമുറിയിലുമാണ് കണ്ടെത്തിയത്. കടബാദ്ധ്യതയെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമികനിഗമനം.
സാജുവും അനുവും ചേർന്നെഴുതിയ കത്ത് പൊലീസ് കണ്ടെടുത്തു. രാവിലെ സാജുവിനേയും അനുവിനേയും പുറത്തേയ്ക്ക് കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ വാതിലിൽ തട്ടിയെങ്കിലും തുറന്നില്ല. ബന്ധുക്കളെത്തി അകത്തുകയറിയപ്പോഴാണ് സംഭവമറിയുന്നത്. ആദ്യം മാതാപിതാക്കളാണ് മരിച്ചതെന്നാണ് നിഗമനം. ഇരുവരെയും മരിച്ചനിലയിൽ കണ്ട മനോവിഷമത്തിൽ സവിനും ജീവനൊടുക്കിയെന്നാണ് സൂചന. സാജു വർഷങ്ങളോളം കോന്നിയിൽ പലചരക്ക് മൊത്തവ്യാപാരിയായിരുന്നു. ബിസിനസ് നിറുത്തിയതിന്റെ കടബാദ്ധ്യതകൾ ഉണ്ടെന്നാണ് സൂചന. സവിന് ഓൺലൈൻ ഇടപാടുകളിലൂടെ സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നതായും പറയുന്നു. പലർക്കായി മൂന്ന് ലക്ഷം രൂപ നൽകാനുണ്ടെന്നും അത് നൽകണമെന്നും ആത്മഹത്യാക്കുറുപ്പിൽ പറയുന്നുണ്ട്. വീടിന് മുകളിൽ ഹോംസ്റ്റേ നടത്തുകയാണ് അനു. സവിന്റെ ഭാര്യയ്ക്ക് വിദേശത്താണ് ജോലി. ബാങ്ക് അക്കൗണ്ടുകളും മൊബൈൽ ഫോണുകളും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് ഡിവൈ.എസ്.പി. എസ്.അഷാദ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ചെത്തിപ്പുഴ സെന്റ്തോമസ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. സംസ്‌കാരം പിന്നീട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |