
തിരുവനന്തപുരം:സംസ്ഥാനത്തെ ആറുവരി ദേശീയ പാത നിർമ്മാണം അടുത്ത വർഷം മാർച്ചിൽ പൂർത്തിയാക്കുമെന്ന് ദേശീയ പാത അതോറിറ്റി .
കേന്ദ്ര പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.സി.വേണുഗോപാൽ വിളിച്ചുചേർത്ത യോഗത്തിലാണ് ഉറപ്പ് നൽകിത്. പി.എ.സി.ചെയർമാൻമാരുടെ ദേശീയയോഗത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് കെ.സി.വേണുഗോപാൽ യോഗം വിളിച്ചത്.
നിർമ്മാണപുരോഗതി വിലയിരുത്തി.സർവ്വീസ് റോഡുകളുടെ നിർമ്മാണം, ഉയരപ്പാതകളുടെ ആവശ്യം,ടോൾ പിരിവിലെ പ്രശ്നങ്ങൾ തുടങ്ങിയവയും ചർച്ചയായി.നിർമ്മാണം വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ ദേശീയപാത അതോറിറ്റിയുമായി മികച്ച ഏകോപനമുണ്ടാക്കണം.ഇതിന് നടപടിയെടുക്കാൻ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് നിർദ്ദേശം നൽകി.
കായംകുളത്ത് ഡിസ്‌കോപ്പ് ചെയ്ത ദേശീയപാത നിർമ്മാണം പില്ലർ എലവേറ്റഡ് ഉയരപാതയായി മാറ്റി നിർമ്മാണം തുടങ്ങി. ഇത് വേഗത്തിലാക്കും. കായംകുളത്ത് 2.25 കലോമീറ്റർ നീളത്തിൽ തന്നെ ഉയരപ്പാത നിർമ്മിക്കാൻ ധാരണയായിട്ടുണ്ട്.കളർകോട് രണ്ട് സ്പാനുകളുള്ള അടിപ്പാത ഒരുമിച്ച് നിർമ്മിക്കും. ഇതനുസരിച്ച് 14 മീറ്റർ നീളവും 4.5 മീറ്റർ ഉയരവുമുള്ള അടിപ്പാത കളർകോട് നിർമ്മിക്കും. പറവൂർ മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗത്ത് നിർമ്മാണം വേഗത്തിലാക്കും. തുറവൂർ പുന്നപ്ര മേഖലയിൽ നിർമ്മാണത്തിനിടെ കുടിവെള്ള പൈപ്പുകൾ അടിക്കടി പൊട്ടുന്ന സാഹചര്യം ഒഴിവാക്കാൻ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് നടപടികളെടുക്കും. സർവീസ് റോഡുകളുടെ നിലവാരം കൂട്ടാനും വീതി കുറഞ്ഞ സ്ഥലങ്ങളിൽ ഏഴ് മീറ്റർ വീതി ഉറപ്പാക്കാനും അരൂർ തുറവൂർ ഉയരപ്പാത തെക്കുഭാഗത്തേക്ക് നീട്ടുന്നതിനായി നടക്കുന്ന നിർമ്മാണം വേഗത്തിലാക്കാനും യോഗത്തിൽ നിർദ്ദേശിച്ചു.
നിർമാണ സാമഗ്രികൾ തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് തർക്കം പരിഹരിക്കാൻ ദേശീയപാത അധികൃതരും ഇടപെടും.ടോൾ പ്ലാസകളിലെ യാത്രക്കാരിൽനിന്ന് 'രാജ്മാർഗ് യാത്ര' ആപ്പിലൂടെ അഭിപ്രായങ്ങളും പരാതികളും ശേഖരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.
നാട്ടികയിൽ റോഡിന്റെ അവസ്ഥ മോശമാണെങ്കിൽ ടോൾ പിരിവ് ഒഴിവാക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗതഹൈവേ മന്ത്രാലയം ജോയിന്റ് സെക്രട്ടറി സി.എൻ സിംഗ് അറിയിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകിയാൽ ഏഴ് മീറ്റർ വീതിയിൽ സർവീസ് റോഡുകൾ നിർമിക്കാൻ സന്നദ്ധമാണെന്ന് എൻ.എച്ച്.എ.ഐ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |