
തിരുവനന്തപുരം:ആധാർ ഓതെന്റിഫിക്കേഷൻ വൈകിയതിനെതുടർന്ന് ക്ഷേമനിധി ബോർഡ് പെൻഷൻ മുടങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് ഈ തുക ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫിഷറീസ് വകുപ്പ് ധനവകുപ്പിന് കത്ത് നൽകി. പെൻഷൻ മുടങ്ങിയശേഷം അധാർ ഓതെന്റിഫിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് കുടിശ്ശികതുക നൽകണമെന്നാണ് ഫിഷറീസ് വകുപ്പിൻറെ ആവശ്യം.
മുടക്കമില്ലാതെ പെൻഷൻ ലഭിക്കുന്നതിന് ഉടൻ ആധാർ ഓതെന്റീഫിക്കേഷൻ പൂർത്തിയാക്കണം. ബോർഡിന് കീഴിൽ ആകെയുള്ള 73,657 ഗുണഭോക്താക്കളിൽ 59,061 പേർ മാത്രമാണ് ആധാർ ഓതെന്റീഫിക്കേഷൻ പൂർത്തിയാക്കിയത്. ഇനി പൂർത്തിയാക്കാനുള്ള 14,596പേരിൽ 2,253പേർ മരണപ്പെട്ടു. ശേഷിക്കുന്നവർക്ക് പെൻഷൻ ലഭിക്കണമെങ്കിൽ ആധാർകാർഡിന്റെയും പെൻഷൻ പാസ്ബുക്കിന്റെയും പകർപ്പുമായി ഫിഷറീസ് ഓഫീസിലെത്തി ഓതെന്റിഫിക്കേഷൻ പൂർത്തിയാക്കണം. ഇതുസംബന്ധിച്ച് ധനവകുപ്പ് കഴിഞ്ഞ ആഗസ്റ്റിൽ കർശനനിർദേശം നൽകിയിരുന്നു. ധനവകുപ്പിന്റെ നിബന്ധനയെ തുടർന്ന് ആഗസ്റ്റിലെ പെൻഷൻ ലഭിച്ച 16,591ഗുണഭോക്താക്കൾക്ക് സെപ്റ്റംബറിലെ പെൻഷൻ ലഭിച്ചിരുന്നില്ല. ഓതെന്റിഫിക്കേഷൻ പൂർത്തിയാക്കിയവർക്ക് മുടങ്ങിയ മാസത്തെ പെൻഷൻ വിതരണം ചെയ്യാനാണ് ഫിഷറീസ് വകുപ്പ് ധനവകുപ്പിനോട് ശുപാർശ ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |