SignIn
Kerala Kaumudi Online
Saturday, 03 October 2026 8.40 AM IST

മുസ്ലിം വേഷത്തിൽ ശബരിമലയിൽ ദർശനം നടത്താനെത്തിയ അയ്യപ്പ ഭക്തരെ പമ്പയിൽ തടഞ്ഞു: മുസ്ലീങ്ങൾക്കും ദർശനം നടത്താമെന്ന് അറിഞ്ഞില്ലെന്ന് വിശദീകരണം

shabarimala

ശബരിമല: പരമ്പരാഗത മുസ്ലിം വേഷത്തിൽ ശബരിമലയിൽ ദർശനം നടത്താനെത്തിയ ഭക്തരെ തടഞ്ഞ് സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് പൊലീസും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വകുപ്പ് ഉദ്യോഗസ്ഥരും. വെള്ളിയാഴ്ച പുലർച്ചെ ഒന്നര മണിക്ക് ശബരിമല വലിയ നടപന്തലിൽ വച്ചാണ് സംഭവം നടന്നത്. കർണാടകയിലെ ചിക്ബല്ലാപൂറിൽ നിന്നും എത്തിയ സംഘത്തിനൊപ്പമുണ്ടായിരുന്ന അൻസാർഖാൻ, നയാജ് ബാഷ എന്നിവർക്കായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും ഇങ്ങനെയൊരു മോശം അനുഭവം നേരിടേണ്ടി വന്നത്.

മുസ്ളിം വേഷത്തിലെത്തിയ ഇവർ തങ്ങൾക്കൊപ്പമാണ് വന്നതെന്നും വിശ്വാസമുള്ളവരാണെന്നും കൂടെയുള്ളവർ പറഞ്ഞിട്ടും സംഘത്തിന്റെ ദർശനം പൊലീസ് തടയുകയായിരുന്നു. തുടർന്ന് ഇവരെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം ഇവിടെയുണ്ടായിരുന്ന കർണാടക പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്യുകയും ദേഹപരിശോധന നടത്തുകയും ചെയ്തു. എന്നാൽ ഇവരിൽ നിന്നും സംശയകരമായി ഒന്നും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ സാധിച്ചില്ല.

ശേഷം ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ സംഭവത്തിൽ ഇടപെട്ടപ്പോൾ മുസ്ലിം മതത്തിൽ പെട്ടവർക്ക് ശബരിമലയിൽ ദർശനം നടത്താമെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നു എന്നായിരുന്നു കേന്ദ്ര പൊലീസിന്റെ വിശദീകരണം. ധരിച്ചിരുന്ന വേഷം കാരണം തങ്ങളെ ദർശനത്തിൽ നിന്നും തടഞ്ഞതിൽ മനംനൊന്ത് അൻസാർഖാനും നയാജ്ബാഷയും സന്നിധാനത്തേക്ക് ചെല്ലാതെ പമ്പയിൽ തന്നെ തങ്ങി. കൂടെവന്നവർ ദർശനം നടത്തി മടങ്ങിയെത്തിയ ശേഷം സംഘം തിരിച്ചുപോകുകയായിരുന്നു. സംഭവം വിവാദമായതോടെ പൊലീസ്, ബന്ധപ്പെട്ടവരോട് വിശദീകരണം തേടിയെന്നാണ് ലഭിക്കുന്ന വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHABARIMALA, SABARIMALA, MUSLIMS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA