
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തു നിന്ന് മാറ്റിയ സർക്കാർ ഉത്തരവിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ സ്‌റ്റേ ഉത്തരവുമായി എത്തിയ ഡോ. കെ.ജെ. റീനയ്ക്ക് ചുമതലയേൽക്കാനായില്ല. ആരോഗ്യവകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല വഹിക്കുന്ന ഡോ.വി.മീനാക്ഷി ചുമതല കൈമാറാൻ വിസമ്മതിച്ചതോടെയാണിത്. വകുപ്പ് ആസ്ഥാനത്തെ നാടകീയ രംഗങ്ങൾക്കിടെ ഇന്നലെ ഉച്ചയ്ക്ക് 2.30ന് നടക്കേണ്ടിയിരുന്ന പകർച്ചവ്യാധി പ്രതിരോധ യോഗം മുടങ്ങി.
രാവിലെ 11.30നാണ് ഡോ.റീന ട്രൈബ്യൂണൽ ഉത്തരവുമായി ചുമതലയേൽക്കാൻ എത്തിയത്. എന്നാൽ, സർക്കാർ ഉത്തരവ് വരാതെ ചുമതല ഒഴിയില്ലെന്ന് ഡോ. മീനാക്ഷി അറിയിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാഗ്വാദമായി. തുടർന്ന് സന്ദർശകർക്കുള്ള കസേരയിൽ റീന ഇരിപ്പുറപ്പിച്ചു. പിന്നാലെ വനിതാ പൊലീസ് ഉൾപ്പെടെ സ്ഥലത്തെത്തി.
ഓഫീസ് സമയം കഴിഞ്ഞപ്പോഴാണ് റീന മടങ്ങിയത്. ഡയറക്ടർ ചുമതല ഒഴിയേണ്ടതില്ലെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് ഡോ. മീനാക്ഷി സ്ഥാനത്ത് തുടരുന്നതെന്നാണ് സൂചന.
അതേസമയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അടുത്ത ദിവസം പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |