
തിരുവനന്തപുരം: ടൂറിസം, ഐ.ടി.വ്യവസായങ്ങളിൽ നിന്ന് ചുവടുമാറ്റി വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ തുറമുഖത്തിന്റെ സാധ്യതകൾ കേരളത്തിലെ 600 കിലോമീറ്റർ തീരത്തും ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള വമ്പൻപദ്ധതിയാണ് ബഡ്ജറ്റിൽ ഇന്നലെ മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിച്ച മിഷൻ സമുദ്ര. പദ്ധതി തുടങ്ങുന്നതോടെ കേരളം ലോക മാരിടൈം ഭൂപടത്തിലെ സുപ്രധാന പോർട്ട് സിറ്റിയായി മാറും.400കോടിരൂപയാണ് ബഡ്ജറ്റിൽ നീക്കിവെച്ചത്.
റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാത, നിർമ്മാണ മേഖലകൾ, ഗ്രീൻ ഫീൽഡ് സിറ്റി എന്നിവയെല്ലാം കോർത്തിണക്കി ഒരു മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് മാറ്റുമെന്നതാണ് സവിശേഷത.
എല്ലാ തുറമുഖങ്ങളിലും
വികസന പദ്ധതികൾ
# വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് ചുറ്റും നിർമ്മാണമേഖലകൾ, സ്റ്റഫിങ് സെന്ററുകൾ,ഡ്രൈ പോർട്ട് .
# ഗ്രീൻ ബങ്കറിങ് സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ ഉയർത്തും
#ബാലരാമപുരം- വിഴിഞ്ഞം ഭൂഗർഭ റെയിൽ, വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിങ്ങ് റോഡ് തുടങ്ങിയ പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കും.
# മദർഷിപ്പ് നിർമ്മാണം, അവരുടെ അറ്റകുറ്റപ്പണി എന്നിവയ്ക്കായി ഡെഡിക്കേറ്റഡ് കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കും.
#ഇവിടങ്ങളിലെ തൊഴിലവസരങ്ങളിൽ തീരപ്രദേശത്തെ സാധാരണക്കാർക്ക് സംവരണം ലഭിക്കും.
#നാല് പ്രധാന നോൺ മേജർ തുറമുഖങ്ങളായ കോവളം,കൊല്ലം, അഴീക്കൽ,ബേപ്പൂർ എന്നിവ വികസിക്കും.
#ചരക്ക് ഗതാഗതത്തിനും മറ്റ് തുറമുഖ അടിസ്ഥാന വ്യവസായങ്ങൾക്കും ലോജസ്റ്റിക് കപ്പൽ അനുബന്ധപ്രവർത്തനങ്ങൾക്ക് മറ്റ് 13 നോൺ മേജർ തുറമുഖങ്ങളിലെ ഭൂമി, കെട്ടിടങ്ങൾ, മറ്റ് ആസ്തികൾ എന്നിവ പ്രയോജനപ്പെടുത്തി സ്വകാര്യ നിക്ഷേപങ്ങളുണ്ടാകും.
#മാരിടൈം ടൂറിസം,ലോജസ്റ്റിക്സ്, മാരിടൈം വ്യവസായം, മാരിടൈം നിയമവിദ്യാഭ്യാസം, മാരിടൈം മ്യൂസിയം എന്നിവയ്ക്ക് വഴി തുറക്കും.
# കേരളത്തിന് സവിശേഷമായി വികസനോൻമുഖ മാരിടൈം പോളിസി വരും.
#ജലഗതാഗത സംവിധാനവും വാട്ടർടൂറിസവും വികസിപ്പിക്കും.
മിക്ക മേഖലയിലും പുതിയനയം
തിരുവനന്തപുരം: അടിസ്ഥാന സൗകര്യ പദ്ധതികൾക്കും നിക്ഷേപകർക്കും ഭൂമി ലഭ്യമാക്കാനുള്ളരണ്ടാം ഭൂപരിഷ്കരണത്തിനു പുറമേ, വി.ഡി സതീശൻ സർക്കാരിന്റെ കന്നി ബഡ്ജറ്റിൽ നിരവധി മേഖലകളിൽ നിയമഭേദഗതിയും നയരൂപീകരണവും ഉൾപ്പെട്ടു.
ദേശീയ, അന്താരാഷ്ട്ര സർവകലാശാലകളെയും ലോകോത്തര പാരമ്പര്യ സർവകലാശാലകളെയും ആകർഷിക്കാൻ നിയമനിർമ്മാണം നടത്തും.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോണിനായും നിയമനിർമ്മാണം ഉണ്ടാവും. നിക്ഷേപകരെ ആകർഷിക്കാനുള്ള ഇൻവെസ്റ്റ് കേരളം പദ്ധതിയുടെ ഭാഗമായി നിക്ഷേപകർക്ക് ഭൂമിയും നിയമപരമായ അനുമതികളും ലഭ്യമാക്കാൻ ഇൻവെസ്റ്റ് കേരളം സെൽ രൂപീകരിക്കും.
തോട്ടം മേഖലയിൽ കൂടുതൽ സ്ഥലം ടൂറിസത്തിന് ഉപയോഗിക്കാൻ നിയമഭേദഗതി കൊണ്ടുവരും.
മലയോര മേഖലയിൽ ബഹുവിള കൃഷിക്കായി നിയമനിർമ്മാണം നടത്തും. ഏലം പട്ടയ ഭൂമിയിൽ നിർമ്മാണം പാടില്ലെന്ന സർക്കാർ ഉത്തരവ് പുനഃപരിശോധിക്കും. പട്ടയഭൂമിയിലെ നിർമ്മാണങ്ങൾ ഉപാധിരഹിതമായി ക്രമവത്കരിക്കും. സുരക്ഷിതമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കാൻ ട്രാഫിക് നിയമങ്ങൾ കർശനമാക്കും. കാൽനട യാത്രക്കാർക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ട്രാഫിക് നയം രൂപീകരിക്കും. ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കാനും നടപടികളുണ്ടാവും.
പട്ടിക വിഭാഗങ്ങൾക്കായി ബഡ്ജറ്റിൽ വകയിരുത്തിയ തുക കൃത്യമായി വിനിയോഗിക്കുന്നെന്നും പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നെന്നും ഉറപ്പാക്കാൻ നിയമം കൊണ്ടുവരും. ജി.എസ്.ടി കൗൺസിലിന്റെ നിർദ്ദേശപ്രകാരം 2017ലെ ചരക്കു സേവന നികുതി നിയമത്തിൽ ഭേദഗതി കൊണ്ടുവരുമെന്നും ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
വൻകിട ബാറ്ററി സ്റ്റോറേജ്;
എല്ലാ പഞ്ചായത്തിലും 'ബെസ്'
തിരുവനന്തപുരം: പകൽ സുലഭമായ സോളാർ വൈദ്യുതി രാത്രി ഉപയോഗത്തിന്ശേഖരിക്കാനാകാതെ വലയുന്ന കെ.എസ്.ഇ.ബിക്ക് ആശ്വാസം. ബാറ്റററി സ്റ്റോറേജ് (ബെസ്) സംവിധാനം വ്യാപകമാക്കുമെന്ന് ബഡ്ജറ്റ് പ്രഖ്യാപനം. ഇതോടൊപ്പം വികേന്ദ്രീകൃത ബാറ്ററി എനർജി സ്റ്റോറേജുകൾ എല്ലാ പഞ്ചായത്തിലും സജ്ജമാക്കും. ജലാശയങ്ങളിൽ ഫ്ളോട്ടിംഗ് സോളാർ പ്ളാന്റുകളും സജ്ജമാക്കും.
ജല വൈദ്യുത പദ്ധതികളോട് അനുബന്ധിച്ച് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ നടപ്പാക്കാനും പദ്ധതിയുണ്ട്. വൈദ്യുതി ഉത്പാദത്തിന്ശേഷം ഒഴുക്കിവിടുന്ന വെള്ളം പമ്പ് ചെയ്ത് സൂക്ഷിച്ച് വീണ്ടും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പമ്പ്ഡ് സ്റ്റോറേജുകൾ കേരളത്തിന്റെ ഊർജ്ജ സ്വയം പര്യാപ്തതക്ക് ഉതകുന്ന ബദലുകളിലൊന്നാണ്.
കേരളത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കി മാറ്റുന്ന പദ്ധതിയും ലക്ഷ്യമിടുന്നു. ഗ്രീൻ അമോണിയ, ഗ്രീൻ മെഥനോൾ, ഗ്രീൻ ഹൈഡ്രജൻ എന്നിങ്ങനെ ഊർജ്ജരംഗത്തെ വിവിധ മേഖലകൾ സ്പർശിക്കുന്നതാണ് ബഡ്ജറ്റ്. പുനരുപയോഗ ശേഷിയുള്ള ഊർജ്ജം, ഗ്രീൻ ഹൈഡ്രജൻ, ഇതര ഊർജ്ജസ്രോതസ്സുകൾ എന്നിവക്കായി ബഡ്ജറ്റ് വിഹിതം 100 കോടി രൂപയാണ്. വൈദ്യുതി സംഭരണത്തിനുള്ള പദ്ധതികൾ കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കെയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് വേഗതകൂട്ടുന്ന ബഡ്ജറ്റ് പ്രഖ്യാപനം.
ഏവിയേഷൻ ഹബ് പദ്ധതിയിൽ
ആകാശവും തരും വികസനം;
തിരുവനന്തപുരം:പല ജില്ലകളിലുംവിമാനത്താവളങ്ങളുണ്ടെങ്കിലും കേരളം ഇതുവരെ കൈവെച്ചിട്ടില്ലാത്ത മേഖലയാണ് ഏവിയേഷൻ ബിസിനസ്. ഈ മേഖലയിൽ നിക്ഷേപവും തൊഴിലും ഉറപ്പാക്കുന്ന നിർദ്ദേശമാണ് സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതിനുള്ള പദ്ധതി. പ്രാരംഭപ്രവർത്തനങ്ങൾക്കായി 200 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കാർഷിക, മത്സ്യ, ഫാർമ മേഖലകളിലെ കയറ്റുമതി ശക്തിപ്പെടുത്തുന്നതിനായി സംയോജിത പാക്ക്ഹൗസ് സൗകര്യവും ഫാർമകാർഗോ സൗകര്യങ്ങളും ഒരുക്കും.
ലോജിസ്റ്റിക്സ് പാർക്കുകൾ, ഫ്രീ വെയർഹൗസ് സോണുകൾ തുടങ്ങിയ അനുബന്ധ വികസന പദ്ധതികൾ ആരംഭിക്കും.
കൊച്ചിൻ എയർപോർട്ടിനോട് അനുബന്ധമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കൺവെൻഷൻ സെന്റർ ആരംഭിക്കും.
#എയ്റോപാർക്ക്, എയ്റോസിറ്റി
എയ്റോപാർക്ക്, എയ്റോസിറ്റി പദ്ധതികൾ വഴി നിരവധി സ്ഥാപനങ്ങൾ നിലവിൽ വരും.
#വിമാന അറ്റകുറ്റപ്പണിപരിപാലനത്തിന് സ്ഥാപനങ്ങൾ
#സിമലേറ്റർ അധിഷ്ഠിത പൈലറ്റ് പരിശീലന കേന്ദ്രങ്ങൾ
#വിമാന പരിപാലന എൻജിനീയറിംഗ് പരിശീലന,നൈപുണ്യ വികസന സംവിധാനങ്ങൾ
#വിമാനത്താവളം കേന്ദ്രീകരിച്ച്സാമ്പത്തിക മേഖലകൾ
#ഗ്ലോബൽ കേപബിലിറ്റി സെന്ററുകൾ , ഹോസ്പിറ്റാലിറ്റി, വ്യോമയാന അനുബന്ധ വ്യാപാര,സേവന മേഖലകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |