
തിരുവനന്തപുരം: 'സൂര്യ'യുടെ പരിപാടികൾ അധികവും അരങ്ങുണരുന്നത് വൈകിട്ട് 6.45ന്. നിഴലും വെളിച്ചവും ശബ്ദസൗകുമാര്യവുമൊരുക്കിയ ആസ്വാദന തലങ്ങൾ ഓർമ്മയാക്കി സൂര്യ കൃഷ്ണമൂർത്തി വിടവാങ്ങിയതും ഇന്ന് സംസ്കാരം നിശ്ചയിച്ചിരിക്കുന്നതും വൈകിട്ട് 6.45ന്. 'സൂര്യ' എന്ന രണ്ടക്ഷരത്തിലൂടെ മലയാള മനസിൽ സമാനതകളില്ലാത്ത കലാനുഭവങ്ങളൊരുക്കിയാണ് കൃഷ്ണമൂർത്തിയുടെ മടക്കം.
കേരളത്തിന്റെ കലാനുഭവങ്ങളിൽ അത്ര പരിചിതമല്ലാതിരുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ പരിപാടികൾക്കായി ജനം തിക്കിത്തിരക്കിയതും മികവുറ്റ നിലവാരവും പ്രൊഫഷണൽ ആവിഷ്‌കാരവും തേടിയായിരുന്നു. പതിറ്റാണ്ടുകളായി സൂര്യമേളയുടെ അമരക്കാരനായി തുടർന്ന് കലയുടെ കളിവിളക്ക് കൃഷ്ണമൂർത്തി തെളിച്ചുവച്ചപ്പോൾ അത് കലാമേഖലയ്ക്ക് നൽകിയ കരുത്തും ഊർജ്ജവും ഏറെ വലുതായിരുന്നു. രാഗതാളലയ സമ്മിശ്രമായ സായാഹ്നങ്ങൾ സൂര്യയുടെ വിവിധ പരിപാടികളിലൂടെ ജനം ആസ്വദിച്ചു.
ലൈറ്റ് ആൻഡ് സൗണ്ട് ഷോ പരിപാടികളിൽ നൂതനമായ എല്ലാ സംവിധാനങ്ങളും കൃഷ്ണമൂർത്തിയൊരുക്കി. തുറന്നവേദിയിൽ പല നാടകങ്ങളും പുനരാവിഷ്‌കരിച്ച പരീക്ഷണവും ശ്രദ്ധേയമായി. ബൈബിളിനെ ആസ്പദമാക്കിയുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോ വിദേശത്തെ വേദികളിലടക്കം ഏറെ കൈയടി നേടി. സംഘാടന മികവിന്റെ നേർസാക്ഷ്യങ്ങളായിരുന്നു അദ്ദേഹമൊരുക്കിയ ഒരോ പരിപാടികളും.
മികച്ച കലാകാരൻമാർ, സാങ്കേതിക വിദഗ്ദ്ധർ എന്നിവരൊക്കെ 'സൂര്യ'യുടെ പരിപാടികളുടെ അരങ്ങിലും അണിയറയിലും ആവേശത്തോടെയെത്തി. അവർക്കൊപ്പം അവരിലൊരാളായി കൃഷ്ണമൂർത്തിയും എപ്പോഴുമുണ്ടായിരുന്നു. കലയോടുള്ള സമർപ്പണത്തിൽ വിട്ടുവീഴ്ചയില്ലാതെ, രാവുകളെ പ്രകാശപൂരിതമാക്കിയ കലാസ്‌നേഹിയെ കേരളം ഏറെ ഇഷ്ടപ്പെട്ടു.
വൈകുന്നേരങ്ങളിൽ 'സൂര്യ'യുടെ വേദികളുണാരാറുള്ള 6.45ന് സൂര്യ കൃഷ്ണമൂർത്തി യാത്രയായപ്പോൾ അത് കലാകേരളത്തിന് തീരാനഷ്ടമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |