SignIn
Kerala Kaumudi Online
Thursday, 24 September 2026 1.55 AM IST

സൂര്യ കൃഷ്ണമൂർത്തി വിട പറയുമ്പോൾ

s

നാല്പത് വർഷത്തെ സൗഹൃദമാണ് എനിക്ക് കൃഷ്ണമൂർത്തിയുമായി. ഞാൻ ടൂറിസം വകുപ്പ് ഡയറക്ടറായി പ്രവർത്തിക്കുന്ന കാലത്ത് ഞങ്ങൾ ഒരുപാട് പരിപാടികളിൽ സഹകരിച്ചു.ഒട്ടനവധി കേരളീയ ഫോക് - ക്ലാസിക്കൽ ദൃശ്യകലകൾ കോർത്തിണക്കി 'തമസോ മാ ജ്യോതിർഗമയ' എന്ന വലിയൊരു പരിപാടിയുമായി ഡൽഹിയിലെ അശോകാഹോട്ടലിന്റെ പുൽത്തകിടിയിൽ കേരള ടൂറിസം വകുപ്പിന് വേണ്ടി ആ മെഗാഷോ സംഘടിപ്പിച്ചത് ഇന്നലത്തെപ്പോലെ ഓർക്കുന്നു. നൂറിലേറെ കലാകാരന്മാരുടെ താമസവും ഭക്ഷണവും ഒക്കെ കൃത്യമായി ലഭ്യമാക്കുന്നതിൽ മൂർത്തി അന്ന് കാട്ടിയ ശുഷ്‌കാന്തി എനിക്ക് നല്കിയത് വലിയൊരു പാഠമായിരുന്നു. പരിപാടി കഴിയുമ്പോഴാണ് ഒരു സംഘാടകന്റെ മികവ് അറിയാൻ കഴിയുക. ഡൽഹി പോലൊരു നഗരത്തിൽ കേരളത്തിൽ നിന്ന് എത്തിയ കലാകാരൻമാരിൽ ഒരാൾക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ല എന്ന മൂർത്തിയുടെ നിർബന്ധം മാതൃകാപരമായിരുന്നു. കല കൊണ്ട് മാത്രം ജീവിക്കുന്നവരെക്കുറിച്ച് അദ്ദേഹം എന്നും വലിയ കരുതൽ സൂക്ഷിച്ചു. അവരുടെ ആപത്തിലും ഇല്ലായ്മകളിലും എപ്പോഴും ഒപ്പം നിന്നു.

തിരുവനന്തപുരത്തിന്റെ കലാചൈതന്യമായിരുന്നു സൂര്യ കൃഷ്ണമൂർത്തി. നൃത്തവും സംഗീതവും മാത്രമല്ല സിനിമ, നാടകം, ചിത്രകല,എന്നിങ്ങനെ എല്ലാ കലകളും മൂർത്തിയുടെ പ്രോത്സാഹനത്തിന് പാത്രമായി. മുൻവിധികൾ കൊണ്ട് വികലമാകാത്ത കലാസ്‌നേഹമായിരുന്നു അത്. മറ്റുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിലും അംഗീകരിക്കുന്നതിലും അദ്ദേഹം ആനന്ദം കണ്ടെത്തി.ഇന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്നു സൂര്യകൃഷ്ണമൂർത്തിയുടെ സ്‌നേഹസാമ്രാജ്യം.രാജ്യത്തിന്റെ നാനാ ദിക്കിൽ നിന്നുമുളള കലാകാരികളെയും കലാകാരമാരെയും കേരളത്തിന് പരിചയപ്പെടുത്തിയതിൽ കൃഷ്ണമൂർത്തിയോളം സംഭാവന നടത്തിയ മറ്റൊരാൾ ഇല്ലതന്നെ.കലയോടുള്ള സ്നേഹം നിസ്വാർത്ഥവും സമ്പൂർണ്ണവുമായിരുന്നു.സൂര്യയിലൂടെ അംഗീകാരത്തിന്റെ പടവുകൾ കയറിയവരുടെ എണ്ണംചെറുതല്ല.

ഞാൻ ഏറെ ഇഷ്ടപ്പെട്ട സുഹൃത്തായിരുന്നു കൃഷ്ണമൂർത്തി.ഗണേശവിഗ്രഹങ്ങൾ നിറഞ്ഞ അദ്ദേഹത്തിന്റെ വീട്ടിൽ കുറച്ചുസമയം ചെലവഴിച്ച് ഇറങ്ങിക്കഴിയുമ്പോൾ ഒരുലോല മനസ്സിന്റെ സാമീപ്യം നമ്മെ സന്തുഷ്ടരാക്കും. ദീർഘകാലത്തെ കലാപരിചയം കൊണ്ടും സൗന്ദര്യവും അനുതാപവും കൊണ്ടു പതംവന്ന ഒരു ഹൃദയത്തിന്റെ സ്പന്ദനം നമ്മളെ ഏതോ വിധത്തിൽ ധന്യരാക്കും.
കലയ്ക് വേണ്ടി നോമ്പ് നോറ്റിരുന്ന സൗമ്യസാന്നിധ്യമായിരുന്ന ഒരാൾ നമുക്കൊപ്പം ജീവിച്ചിരുന്നതായി വരും തലമുറ ചിലപ്പോൾ വിശ്വസിച്ചെന്നിരിക്കില്ല. അത്രമേൽ അവിശ്വസനീയവും പലപ്പോഴും സാഹസികവും എന്നാൽ എപ്പോഴും നിസ്വാർത്ഥവുമായിരുന്നു സൂര്യ കൃഷ്ണമൂർത്തിയുടെ ജീവിതം.തിരശ്ശീല വീഴാത്ത മരണാനന്തരപ്രശസ്തിയുടെ അരങ്ങിൽ അദ്ദേഹം സൂര്യശോഭയാർജിക്കുക തന്നെ ചെയ്യും. നഗരവും കലയെ സ്‌നേഹിക്കുന്ന നഗരവാസികളും മറക്കുമോ ഈ സൂര്യ ജന്മത്തെ ?

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA