
പത്തനംതിട്ട: പ്ളാന്റ് നിർമ്മാണം വൈകുന്നതിന് പുറമെ ,നെയ്യ് ക്ഷാമവും ശബരിമലയിലെ അരവണയുടെ ലഭ്യതയ്ക്ക് തടസ്സമാവും. മണ്ഡല തീർത്ഥാടനത്തിന് മുമ്പ് 70 ലക്ഷം ടിൻ അരവണയെങ്കിലും കരുതൽ ശേഖരമായി നിർമ്മിക്കാനാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. ഇതിന് 7000 മുതൽ 7200 കൂട്ട് അരവണയാണ് വേണ്ടത്. 72000 ലിറ്റർ നെയ്യും. ഇപ്പോഴുള്ളത് 36000 ലിറ്റർ മാത്രമാണ്. കഴിഞ്ഞ തീർത്ഥാടന കാലത്ത് നെയ്യ് വാങ്ങിയതിൽ അഴിമതി ആരോപണമുയർന്നിരുന്നു.
ഇക്കുറി നെയ്യ് പുറത്തു നിന്ന് വാങ്ങേണ്ടെന്നും ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടു വരുന്ന നെയ്യ് ഉപയോഗിച്ചാൽ മതിയെന്നുമാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. നെയ്‌ത്തോണിയിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യാണ് സന്നിധാനത്ത് സൂക്ഷിച്ചിരിക്കുന്നത്. മണ്ഡല തീത്ഥാടനത്തിന് മുമ്പ് ഇനി തുലാമാസ പൂജകൾക്ക് അഞ്ചു ദിവസവും ചിത്തിര ആട്ട വിശേഷത്തിന് ഒരു ദിവസവുമാണ് നട തുറക്കുന്നത്. ഈ ദിവസങ്ങളിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടി കണക്കാക്കിയാലും 70 ലക്ഷം കണ്ടയ്നർ അരവണ നിർമ്മിക്കാനുള്ള നെയ്യ് ലഭിക്കില്ല. പ്ലാന്റ് നിർമ്മാണം പൂർത്തിയായാലും 30 ലക്ഷം ടിൻ അരവണയിൽ കൂടുതൽ നിർമ്മിക്കാൻ കഴിയില്ല.
വൃത്തിഹീനമായ
ടാങ്കുകളിൽ
നെയ്ത്തോണിയിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് ശേഖരിക്കുന്നത് അരവണ പ്ലാന്റിന് സമീപമുള്ള മുറിയിലെ നാലു ടാങ്കുകളിലാണ്. 42000 ലിറ്റർ നെയ്യാണ് സൂക്ഷിക്കാൻ കഴിയുന്നത്. വർഷങ്ങൾക്കുമുമ്പ് നിർമ്മിച്ച ഈ ടാങ്കുകൾ 10 വർഷത്തിലേറെയായി വൃത്തിയാക്കിയിട്ടില്ല. ടാങ്കിന്റെ അടിഭാഗത്ത് ചെളിയും മറ്റ് മാലിന്യങ്ങളും അടിഞ്ഞ നിലയിലാണ്. രണ്ട് മുതൽ രണ്ടര അടി പൊക്കം വരെ മാലിന്യം ടാങ്കിലുണ്ടെന്ന് ജീവനക്കാർ പറയുന്നു. അങ്ങനെവന്നാൽ 36000 ലിറ്റർ നെയ്യ് ശേഖരത്തിൽ 5000 ലിറ്ററിന്റെയെങ്കിലും കുറവ് സംഭവിക്കും. ദേവസ്വം മരാമത്ത് വിഭാഗമാണ് ടാങ്കുകൾ വൃത്തിയാക്കേണ്ടത്. എല്ലാവർഷവും ഇതിന് പണം വകയിരുത്തുന്നുണ്ടെങ്കിലും വൃത്തിയാക്കാറില്ല. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |