
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ ഭക്തൻ സമർപ്പിച്ച 55.72 പവന്റെ സ്വർണക്കിരീടം ശബരിമല സന്നിധാനത്തെ സ്ട്രോംഗ് റൂമിൽ തന്നെയുണ്ട്.
തുലാംമാസ പൂജയ്ക്ക് ശബരിമലയിൽ അരവണ പ്രതിസന്ധിയുണ്ടാകില്ല. ഒക്‌ടോബർ 10 മുതൽ ദിവസം 2.64 ലക്ഷം ടിൻ അരവണ ഉത്പാദിപ്പിക്കാൻ കഴിയുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഒക്‌ടോബർ 31ന് മുമ്പ് 17 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമുണ്ടാക്കും. നവംബർ ഒന്നു മുതൽ പുതിയ പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതോടെ പ്രതിദിനം 3.64 ലക്ഷം ടിൻ അരവണ ഉത്പാദിപ്പിക്കാൻ കഴിയും. മണ്ഡല പൂജകൾക്കായി നട തുറക്കുമ്പോൾ 75 ലക്ഷം ടിൻ അരവണ ബഫർ സ്‌റ്റോക്കുണ്ടാകും. ഒക്‌ടോബർ 5ന് മുമ്പ് ശർക്കര കരാർ നൽകും. ദേവസ്വം മന്ത്രി കെ.മുരളീധരനുമായി ആശയവിനിമയത്തിൽ വന്ന പിശകുകൾ മാത്രമാണുള്ളത്. മന്ത്രിയെ നേരിൽ കാണും. നെയ്യ് വാങ്ങുന്ന കാര്യം ബോർഡ് ആലോചിച്ച് തീരുമാനിക്കും.
സന്നിധാനത്തെ കടകൾ ഇ-ലേലത്തിലൂടെയാകും നൽകുക. നിലയ്ക്കലിൽ 6000 പേർക്ക് ഇരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഒക്‌ടോബർ 31നു മുമ്പ് എല്ലാ പ്രവൃത്തികളും പൂർത്തിയാക്കും. ഗുണനിലവാരം പരിശോധിക്കാൻ ദേവസ്വം ബോർഡിന് പുറത്തുനിന്ന് 4 എൻജിനിയർമാർ അടങ്ങിയ ക്വാളിറ്റി അഷ്വറൻസ് ടീമിനെ നിയോഗിക്കാനും ബോർഡ് തീരുമാനിച്ചു.
തെറ്റിദ്ധാരണ പരത്തിയത് ചെമ്പ് കിരീടം
ശബരിമലയിലെ സ്വർണക്കിരീടം മോഷണം പോയെന്ന പ്രചാരണം തെറ്റാണ്. കിരീടം ശബരിമലയിലെ സ്‌ട്രോംഗ് റൂമിൽ തന്നെയുണ്ടെന്ന് തിരുവാഭരണം കമ്മിഷണർ ബോർഡിന് റിപ്പോർട്ട് നൽകി. തമിഴ്‌നാട്ടുകാരനായ വൈദ്യനാഥ സ്വാമി 2012ൽ നടയ്ക്കുവച്ചതാണ് കിരീടം. അദ്ദേഹം ദർശനത്തിനെത്തുമ്പോൾ അയ്യപ്പനെ കിരീടം അണിയിച്ച് തൊഴണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിനാലാണ് സന്നിധാനത്ത് സൂക്ഷിക്കുന്നത്. ചെമ്പിൽ നിർമ്മിച്ച് സ്വർണം പൂശിയ മറ്റൊരു കിരീടവും സ്‌ട്രോംഗ് റൂമിലുണ്ട്. മാറ്റ് വളരെ കുറഞ്ഞ ഇത് കണ്ടിട്ടാകാം സ്വർണക്കിരീടം മോഷണം പോയെന്ന പ്രചാരണമുണ്ടായതെന്നും കെ.ജയകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |